‘ എന്റെ സഹോദരന് കൊലയിൽ പങ്കില്ല, ഞാനാണ് പ്രതി’; കുറ്റം സമ്മതിച്ച് റിസോർട്ട് മാനേജരുടെ വീഡിയോ സന്ദേശം

ഇടുക്കി പൂപ്പാറയിൽ കാണാതായ യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് തുറന്ന് സമ്മതിച്ച് പ്രതിയും റിസോർട്ട് മാനേജറുമായ വസീം. വസീം തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ഇടുക്കി പൂപ്പാറയിൽ കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തുന്നത്. ഒരാഴ്ച മുമ്പ് കാണാതായ ശാന്തൻപാറ സ്വദേശി റിജോഷിന്റെ മൃതദേഹം വീടിനു സമീപമുള്ള സ്വകാര്യ റിസോർട്ട് വളപ്പിലാണ് കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ശാന്തൻപാറ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും കേസിൽ പങ്കില്ലെന്നും റിസോർട്ടിന്റെ മാനേജരായ പ്രതി വസീം പറയുന്ന വീഡിയോ സന്ദേശം പുറത്ത് വന്നത്.
വസിം സഹോദരന് അയച്ച വീഡിയോ, സഹോദരൻ പൊലീസിന് കൈമാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വസീമിന്റെ സഹോദരനെ ഉൾപെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, പ്രതിയുടെ കൂട്ടുകാരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്തിന്റെയും പിന്നാലെയാണ് വീഡിയോ സന്ദേശം പുറത്ത് വന്നത്. റിസോർട്ട് മാനേജർക്കും ഭാര്യ ലിജിക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോട്ടയം മെഡി.കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം റിജോഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here