കുടിവെളളം മുട്ടി നട്ടംതിരിഞ്ഞ് ആലപ്പുഴക്കാർ: ക്ഷാമത്തിൽ പ്രതിഷേധിച്ച് ബിജെപി

കുടിവെളളമില്ലാതെ നട്ടംതിരിഞ്ഞ് ആലപ്പുഴക്കാർ. പൈപ്പ് പൊട്ടി ഒമ്പതാം നാളിലേക്ക് കടക്കുമ്പോഴും യോഗം ചേരുന്നതിൽ മാത്രം ഒതുങ്ങുകയാണ് വകുപ്പ് നടപടികൾ. കുടിവെളളക്ഷാമത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ലയിലെ സിപിഐഎം മന്ത്രിമാരുടെ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു.
ആലപ്പുഴയിൽ എവിടെ നോക്കിയാലും കായലും പുഴയും കൈത്തോട്ടുമൊക്കെയായി സർവം വെള്ളമയമാണ്. എന്നാൽ ഒരിറ്റ് വെള്ളം കുടിക്കാനായി കിട്ടുന്നില്ല എന്നതാണ് സ്ഥിതി.
ശുദ്ധ ജലവിതരണത്തിനും ലഭ്യതക്കും ആലപ്പുഴക്കാർ ആശ്രയിക്കുന്നത് കുടിവെള്ള പദ്ധതികളെയും പൈപ്പുകളെയുമാണെന്ന് സാരം. പൊടുന്നനേ ഈ പൈപ്പുകളിൽ വെളളം വരാതായാൽ എന്താകും വിടുകളിലെ അവസ്ഥ? ഒൻപതാം നാളും സ്ഥിതി തുടർന്നാലോ! ആലപ്പുഴ നഗരവാസികൾ സമീപകാലത്തെങ്ങും നേരിട്ടിട്ടില്ലാത്തത്ര കഷ്ടപ്പാടിലും നെട്ടോട്ടത്തിലുമാണിപ്പോൾ.
ടാങ്കർ ലോറികളിൽ വെളളമെത്തിക്കുന്നുണ്ടെങ്കിലും വഴിയോരങ്ങളിൽ നിന്നും മാറി താമസിക്കുന്നവർക്ക് ഇതും ആശ്വാസമാകുന്നില്ല. സ്വകാര്യ ആർഒ പ്ലാന്റുകളെയോ കുഴൽക്കിണറുകളെയോ ആശ്രയിക്കാതെ അവർക്ക് മാർഗമില്ല.
പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കഴിഞ്ഞ ദിവസം മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്ക് എന്നിവരുടെ ഓഫീസിന് മുന്നിൽ കിടന്നു പ്രതിഷേധിച്ചു.
റോഡിന് അടിയിലൂടെ കടന്നുപോകുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് പിഡബ്ല്യൂഡി അനുമതി കിട്ടാത്തതാണ് പണിക്ക് തടസം. ആലപ്പുഴ കുടിവെളള പദ്ധതിയിൽ മൂന്ന് വർഷത്തിനിടെ പൈപ്പ് പൊട്ടിയത് 43 തവണയാണ്. അറ്റകുറ്റപ്പണി ചിലർക്കെല്ലാം ചാകരക്കാലവും.
എന്തായാലും ഒരു നാട്ടിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ളം ദിവസങ്ങളായി മുട്ടിച്ചിരിക്കുന്ന അധികൃതർക്ക് നേരെ പ്രതിഷേധം ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here