‘ജംബോ പട്ടിക പാർട്ടിക്ക് ഗുണം ചെയ്യില്ല, ഭാരവാഹി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെ’ : കെ മുരളീധരൻ

കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ മുരളീധരൻ എംപി. കൂടിയാലോചനകളില്ലാതെയാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയതെന്നും ജംബോ പട്ടിക പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മുരളീധരൻ സോണിയ ഗാന്ധിയെ നേരിൽക്കണ്ട് പരാതി അറിയിച്ചു. ഭാരവാഹിപ്പട്ടികക്ക് അംഗീകാരം തേടി സംസ്ഥാന നേതാക്കൾ നാളെ സോണിയാ ഗാന്ധിയെ കാണാനിരിക്കെയാണ് മുരളിയുടെ നീക്കം. എൻഎസ്എസിന്റെ പരസ്യനിലപാട് വട്ടിയൂർക്കാവിൽ തിരിച്ചടിയായെന്നും മുരളി സോണിയയെ ധരിപ്പിച്ചു.
ജംബോ കമ്മിറ്റികൾ ഉണ്ടാകില്ലെന്ന് നേതാക്കൾ ആവർത്തിച്ചു പറഞ്ഞിട്ടും പട്ടിക തയ്യാറാക്കിയപ്പോൾ പഴയപടി ഗ്രൂപ്പ് വീതംവയ്ക്കലായി അത് മാറിയെന്ന ആക്ഷേപമാണ് കെ മുരളീധരന്. രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയതെന്ന ആക്ഷേപവും മുരളിക്കുണ്ട്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായോ എം പിമാരുമായോ കൂടിയാലോചിക്കാതെ ഗ്രൂപ്പ് നേതാക്കൾ ഏകപക്ഷീയമായി തയ്യാറാക്കിയ പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരൻ കഴിഞ്ഞദിവസം പാർട്ടി അധ്യക്ഷ സോണിയഗാന്ധിയെ നേരിൽക്കണ്ട് ആവശ്യമുന്നിയിച്ചു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പും നീതിയുക്തമായിരിക്കണമെന്ന് മുരളി ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടെടുപ്പ് ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും തർക്കങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും മുരളി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡം കർശനമായി പാലിക്കണമെന്ന ആവശ്യം പി ജെ കുര്യനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ ഭാരവാഹിപ്പട്ടികയിൽ കുര്യനും അതൃപ്തനാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് തർക്കം തുടരുകയാണെങ്കിൽ കേന്ദ്രതീരുമാനം വൈകിയേക്കും. ഭാരവാഹിപ്പട്ടികക്ക് അംഗീകാരം തേടി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ സോണിയാഗാന്ധിയെ കാണാനിരിക്കെയാണ് മുരളിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. വട്ടിയൂർക്കാവിൽ തിരിച്ചടിയായത് എൻഎസ്എസിന്റെ പരസ്യനിലപാടാണെന്നും കെ മുരളീധരൻ സോണിയാഗാന്ധിയെ അറിയിച്ചു. ന്യൂനപക്ഷങ്ങളെ അകറ്റുന്നതിന് എൻഎസ്എസ് നിലപാട് കാരണമായി. പ്രചാരണത്തിൽ സംഘടനാ പാളിച്ചകൾ ഉണ്ടായതായും മുരളീധരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കായി മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഇന്ന് വൈകിട്ട് ഡൽഹിക്ക് തിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here