ബ്ലാസ്റ്റേഴ്സിനേക്കാൾ നല്ലത് കേരളാ സന്തോഷ് ട്രോഫി ടീമെന്ന് ഐഎം വിജയൻ

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംവിജയൻ. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കുമെന്നായിരുന്ന് വിജയൻ ട്വെൻ്റിഫോറിനോട് പറഞ്ഞു. ഒഡീഷക്കെതിരായ മത്സരത്തിനിടെയിൽ മുഹമ്മദ് റാഫിയെ പിൻവലിച്ചത് അപമാനിക്കൽ ആണെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.
ഒഡീഷക്കെതിരായ മത്സര ശേഷമായിരുന്നു ഇന്ത്യയുടെ ഇതിഹാസ താരത്തിന്റെ അതിരൂക്ഷ വിമർശനങ്ങൾ. ആത്മാർത്ഥത ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം എന്നായിരുന്നു ഐഎം വിജയന്റെ പ്രതികരണം. ‘സ്വന്തം മൈതാനത്തിലെ മൂന്ന് പോയിൻ്റ് നിർണ്ണായകമാണ്. അവർ സമനിലക്ക് വേണ്ടി കളിച്ചു. നമ്മൾ വിജയിക്കാൻ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോറൻ കളികളിൽ ഒന്നാണിത്’.- വിജയൻ പറഞ്ഞു.
മുഹമ്മദ് റാഫിയെ കളിക്കിടെയിൽ പിൻവലിച്ചത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പകുതിയിൽ ഇറക്കി രണ്ടാം പകുതിയിൽ വലിച്ചത് മോശമാണ്. ആദ്യമേ ഓഗ്ബച്ചെയെ ഇറക്കുന്നതായിരുന്നു ഇതിനെക്കാൾ നല്ലത്. ഭൂരിഭാഗം സമയവും കാലിൽ പന്തു ചേർത്തു വെയ്ക്കുന്നതല്ല യഥാർത്ഥ ഫുട്ബോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. ആദ്യ പകുതിയിൽ തന്നെ രണ്ട് താരങ്ങൾക്ക് പരിക്ക് പറ്റിയ ആതിഥേയർ ആ പകുതി കളിച്ചത് ആറു മലയാളി താരങ്ങളുമായാണ്. ഭേദപ്പെട്ട കളി കാഴ്ച വെച്ച ബ്ലാസ്റ്റേഴ്സിനെ റഫറിയുടെ രണ്ട് മോശം തീരുമാനങ്ങളും ദൗർഭാഗ്യവുമാണ് ചതിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here