‘ശ്രീരാമ ജന്മഭൂമിക്ക് നീതി’; ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ പൊലീസ് പിടിയിൽ

അയോധ്യ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അമ്പത്തിയാറുകാരൻ പൊലീസ് പിടിയിൽ. ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വർ ശർമയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പ്രാദേശിക ഭാഷയിലാണ് സഞ്ജയ് രാമേശ്വർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഐപിസിയുടെ 153(1)(B), 188 വകുപ്പുകൾ പ്രകാരമാണ് സഞ്ജയ് രാമേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് സഞ്ജയിയെ കോടതി മുമ്പാകെ ഹാജരാക്കും.
അയോധ്യാവിധിയുടെ പശ്ചാത്തലത്തിൽ മതസ്പർധ വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത്തരം ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇതിന് മുമ്പും വിവിധ കേസുകളിൽ സഞ്ജയ് പൊലീസ് പിടിയിലായിട്ടുണ്ട്. അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ സ്നേഹിച്ച യുവാവിനെ മർദിച്ചതിനാണ് ആദ്യം സഞ്ജയിയെ പൊലീസ് പിടികൂടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here