ചഹാറിന് ഹാട്രിക്കടക്കം ആറു വിക്കറ്റ്; ഇന്ത്യക്ക് ജയം, പരമ്പര

ബംഗ്ലാദേശിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് അനായാസ ജയം. അയൽക്കാരെ 30 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ 174 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 19. ഓവറിൽ 144 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ദീപക് ചഹാറാണ് ബംഗ്ലാദേശിനെ തകർത്തെറിഞ്ഞത്. വെറും ഏഴ് റൺസ് വഴങ്ങിയാണ് ചഹാറിൻ്റെ പ്രകടനം. 81 റൺസെടുത്ത മുഹമ്മദ് നയീം മാത്രമാണ് ബംഗ്ലാ നിരയിൽ നന്നായി ബാറ്റ് ചെയ്തത്.
ഇന്ത്യൻ സ്കോർ പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശും തകർച്ചയോടെയാണ് തുടങ്ങിയത്. മൂന്നാം ഓവറിൽ തന്നെ ലിറ്റൺ ദാസിനെയും (9) സൗമ്യ സർക്കാരിനെയും (0) പുറത്താക്കിയ ദീപക് ചഹാർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ലിറ്റൺ ദാസിനെ വാഷിംഗ്‌ടൺ സുന്ദർ പിടികൂടിയപ്പോൾ സൗമ്യ സർക്കാർ ശിവം ദുബെയ്ക്ക് പിടികൊടുത്തു മടങ്ങി.
തുടർച്ചയായി രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ബംഗ്ലാദേശിനെ മുഹമ്മദ് നയീമും മുഹമ്മദ് മിഥുനും ചേർന്ന് സാവധാനം മുന്നോട്ടു നയിച്ചു. കൂട്ടുകെട്ട് പൊളിക്കാൻ രോഹിത് ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. മുഹമ്മദ് നയീമായിരുന്നു കൂടുതൽ അപകടകാരി. ഇതിനിടെ 34 പന്തുകളിൽ നയീം തൻ്റെ ആദ്യ ടി-20 കരിയർ ഫിഫ്റ്റി കുറിച്ചു. 98 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിക്കാനും ചഹാർ തന്നെ വേണ്ടി വന്നു. 27 റൺസെടുത്ത മുഹമ്മദ് മിഥുനെ രാഹുലിൻ്റെ കൈകളിലെത്തിച്ച ചഹാർ മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി.
ശിവം ദുബേ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ മുഷ്ഫിക്കർ റഹീം ഗോൾഡൻ ഡക്കായി മടങ്ങി. ദുബേ മുഷ്ഫിക്കറിൻ്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. 16ആം ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്. 48 പന്തുകളിൽ 10 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 81 റൺസെടുത്ത നയീമിനെ ഒരു പെർഫക്ട് യോർക്കറിലൂടെ ക്ലീൻ ബൗൾഡാക്കിയ ദുബേ മത്സരത്തിലെ തൻ്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി. അടുത്ത പന്തിൽ അഫീഫ് ഹുസൈനെ (0) സ്വന്തം ബൗളിംഗിൽ പിടികൂടിയ അദ്ദേഹം വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.
17ആം ഓവറിൽ ക്യാപ്റ്റൻ മഹ്മൂദുല്ലയെ (8) ബൗൾഡാക്കിയ ചഹാൽ ബംഗ്ലാദേശിൻ്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. പിന്നീട് ചഹാർ ഷോ ആയിരുന്നു. 18ആം ഓവറിലെ അവസാന പന്തിലും അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിലുമായാണ് ചഹാർ ഹാട്രിക്ക് സ്വന്തമാക്കിയത്. 18ആം ഓവറിലെ അവസാന പന്തിൽ ഷഫിയുൽ ഇസ്ലാമിനെ (4) ലോകേഷ് രാഹുലിൻ്റെ കൈകളിലെത്തിച്ച ചഹാർ അവസാന ഓവറിലെ ആദ്യ പന്തിൽ മുസ്തഫിസുറിനെ (1) ശ്രേയാസ് അയ്യരിൻ്റെ കൈകളിലും എത്തിച്ചു. അടുത്ത പന്തിൽ അമീനുൽ ഇസ്ലാമിനെ (9) ക്ലീൻ ബൗൾഡാക്കിയ ചഹാർ ഹാട്രിക്ക് തികച്ചു.
ചഹാറിൻ്റെ 7 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത പ്രകടനം ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഗറാണ്. 8 റൺസിന് ആറു വിക്കറ്റെടുത്ത ശ്രീലങ്കയുടെ അജന്ത മെൻഡിസിൻ്റെ പ്രകടനമാണ് ചഹാർ തിരുത്തിയത്. സിംബാബ്‌വെക്കെതിരെ 2012ലായിരുന്നു മെൻഡിസിൻ്റെ പ്രകടനം.
നേരത്തെ, 62 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ 52 റൺസെടുത്തു. ബംഗ്ലാദേശിനായി ഷഫിയുൽ ഇസ്ലാമും സൗമ്യ സർക്കാരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഘട്ടത്തിൽ മനീഷ് പാണ്ഡെ നടത്തിയ കൂറ്റനടികളാണ് ഇന്ത്യയെ 170 കടത്തിയത്. 13 പന്തുകളിൽ 22 റൺസെടുത്ത പാണ്ഡെയും 8 പന്തുകളിൽ 9 റൺസെടുത്ത ശിവം ദുബെയും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here