മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ടമെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയാണ് വിദ്യാർത്ഥിനിയെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
അമ്മയുടെ ഫോൺകോളുകളോട് പെൺകുട്ടി പ്രതികരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥിനികളെ ഫോണിൽ ബന്ധപ്പെട്ട് മകളെ കുറിച്ച് അന്വേഷിച്ചു. വിദ്യാർത്ഥിനികൾ ഹോസ്റ്റൽ മുറിയിൽ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
2018 ഡിസംബർ മുതൽ ഇതുവരെ ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയിൽ നടന്നിരിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 22ന് പാലക്കാട് സ്വദേശിയായ ഷഹാൽ കോർമാത്ത് ജീവനൊടുക്കിയിരുന്നു. ജനുവരിയിൽ യുപി സ്വദേശിയായ ഒന്നാം വർഷ എം ടെക്ക് വിദ്യാർത്ഥി ഗോപാൽ ബാബു ആത്മഹത്യ ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here