രാഹുലിനും അയ്യരിനും അർധസെഞ്ചുറി; ഇന്ത്യക്ക് മികച്ച സ്കോർ

ബംഗ്ലാദേശിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് ഇന്ത്യ നേടിയത്. 62 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ 52 റൺസെടുത്തു. ബംഗ്ലാദേശിനായി ഷഫിയുൽ ഇസ്ലാമും സൗമ്യ സർക്കാരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ രോഹിത് ശർമ്മയെ (2) രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. രോഹിതിനെ ഷഫിയുൽ ഇസ്ലാം ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ലോകേഷ് രാഹുൽ ശിഖർ ധവാനൊപ്പം ചേർന്ന് സാവധാനം ഇന്ത്യയെ മുന്നോട്ടു നയിച്ചു. 32 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ആറാം ഓവറിൽ അവസാനിച്ചു. 16 പന്തുകളിൽ 19 റൺസെടുത്ത ധവാൻ ഷഫിയുലിൻ്റെ പന്തിൽ മഹ്മൂദുള്ളയുടെ കൈകളിൽ അവസാനിച്ചു.
തുടർന്ന് ശ്രേയാസ് അയ്യർ ക്രീസിലെത്തി. മൂന്നാം വിക്കറ്റിലെ രാഹുൽ-അയ്യർ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ശ്രേയസ് അയ്യരായിരുന്നു കൂടുതൽ അപകടകാരി. അനായാസം ബൗണ്ടറികളടിച്ച അയ്യരിനൊപ്പം രാഹുലും താളം കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ഇതിനിടെ 33 പന്തുകളിൽ രാഹുൽ തൻ്റെ ആറാം ടി-20 അർധസെഞ്ചുറി തികച്ചു. അർധസെഞ്ചുറിക്ക് തൊട്ടുപിന്നാലെ രാഹുൽ വീണു. ശ്രേയാസ് അയ്യരുമായി 59 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷമാണ് രാഹുൽ പവലിയനിലേക്ക് മടങ്ങിയത്. അൽ അമീൻ ഹുസൈൻ്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ച് പുറത്താവുമ്പോൾ ഏഴ് ബൗണ്ടറികൾ സഹിതം 35 പന്തുകളിൽ 52 റൺസായിരുന്നു രാഹുലിൻ്റെ സമ്പാദ്യം.
രാഹുൽ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തിനെ കാഴ്ചക്കാരനാക്കി ശ്രേയാസ് അയ്യർ കത്തിക്കയറി. അഫീഫ് ഹുസൈൻ്റെ ഒരോവറിൽ തുടർച്ചയായ മൂന്ന് സിക്സറുകൾ അടിച്ച അയ്യർ 27 പന്തുകളിൽ തൻ്റെ ആദ്യ ടി-20 കരിയർ അർധസെഞ്ചുറി തികച്ചു. ഇതിനിടെ ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പന്ത് പുറത്തായി. ആറു റൺസെടുത്ത പന്തിനെ സൗമ്യ സർക്കാർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ആ ഓവറിൽ തന്നെ ശ്രേയാസ് അയ്യരും മടങ്ങി. 33 പന്തുകളിൽ മൂന്ന് ബൗണ്ടറികളും അഞ്ച് സിക്സറുകളും സഹിതം 62 റൺസെടുത്ത അയ്യർ ലിറ്റൺ ദാാസിൻ്റെ കൈകളിൽ അവസാനിച്ചു.
അവസാന ഘട്ടത്തിൽ മനീഷ് പാണ്ഡെ നടത്തിയ കൂറ്റനടികളാണ് ഇന്ത്യയെ 170 കടത്തിയത്. 13 പന്തുകളിൽ 22 റൺസെടുത്ത പാണ്ഡെയും 8 പന്തുകളിൽ 9 റൺസെടുത്ത ശിവം ദുബെയും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here