കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം: കെ ആര്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ ആര്‍ പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ടി ജെ വിനോദ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് കെ ആര്‍ പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍ എറണാകുളം ഡിസിസി തീരുമാനിച്ചത്.
ഫോര്‍ട്ട് കൊച്ചി 18 ാം ഡിവിഷനിലെ കൗണ്‍സിലറായ കെ ആര്‍ പ്രേംകുമാറിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ഐ ഗ്രൂപ്പ് ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം. നിലവില്‍ യുഡിഎഫിന് 37 അംഗങ്ങളുള്ളതിനാല്‍ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ ബുധനാഴ്ചയാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ മൂന്നംഗങ്ങളുടെ മാത്രം ഭൂരിപക്ഷമാണ് കൗണ്‍സിലില്‍ യുഡിഎഫിനുള്ളത്.
ഇതില്‍ സ്വതന്ത്ര അംഗം ഗീതാ പ്രഭാകരന്റെ പിന്തുണ ഇല്ലെങ്കില്‍ രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമേയുള്ളൂ യുഡിഎഫിന്. മേയര്‍ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന രണ്ട് അംഗങ്ങളെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. മേയര്‍ സൗമിനി ജെയിനെ മാറ്റുന്ന വിഷയത്തില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ തീരുമാനം നീട്ടിയിരിക്കുകയാണ്. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയില്‍ മേയറെ മാറ്റുന്നതിനായി സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. അതിന് മുന്നോടിയായി സൗമിനി ജെയിനെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here