ഇന്നും സഞ്ജു ഇല്ല; ഇന്ത്യക്ക് ബാറ്റിംഗ്

ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ മഹ്മൂദുല്ല ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് തുടർച്ചയായ മൂന്നാം മത്സരത്തിലും ടീമിൽ ഇടം ലഭിച്ചില്ല. അതേ സമയം, കൃണാൽ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി.
മുൻപ് നടന്ന രണ്ട് ടി-20 കളിലും മോശം പ്രകടനം കാഴ്ച വെച്ച ഋഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ പരീക്ഷിക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് തുടർച്ചയായ മൂന്നാം മത്സരത്തിലും മലയാളി താരത്തെ മാനേജ്മെൻ്റ് തഴഞ്ഞത്. ഋഷഭ് പന്തിനെ വെറുതെ വിടണമെന്നും അദ്ദേഹം സാവധാനം ഫോമിലെത്തുമെന്നും നേരത്തെ രോഹിത് ശർമ്മ പറഞ്ഞതു കൊണ്ട് തന്നെ സഞ്ജുവിൻ്റെ സാധ്യത ഏറെക്കുറെ അടഞ്ഞിരുന്നു. മുൻപ് സിംബാബ്‌വെക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ടി-20 പരമ്പരകളിൽ അംഗമായിരുന്നിട്ടും സിംബാബ്‌വെക്കെതിരെ ഒരേയൊരു മത്സരം മാത്രമാണ് തൻ്റെ കരിയറിലാകെ സഞ്ജു കളിച്ചത്.
ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചതോടെ ഈ മത്സരം നിർണ്ണായകമാണ്. കളി ജയിച്ചാൽ ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ ആദ്യ പരമ്പര ജയം സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here