കൊച്ചിയിൽ എസി സൗകര്യത്തോടെ താമസിക്കാം; ഒരു രാത്രിക്ക് വെറും 395 രൂപ

കൊച്ചിയിൽ എസി സൗകര്യത്തോടെ ഒർ ദിവസം താമസിക്കാൻ വെറും 395 രൂപ. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിൽ തുടങ്ങിയിരിക്കുന്ന ഡോർമിറ്ററിയിലാണ് ഈ സൗകര്യം. പീറ്റേഴ്സ് ഇൻ എന്നാണ് ഡോർമിറ്ററിയുടെ പേര്. ട്രെയിൻ കമ്പാർട്ട്മെൻ്റിൻ്റെ മാതൃകയിലാണ് ഇതിൻ്റെ നിർമ്മാണം. ആകെ ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുള്ള ഇവിടെ സ്ത്രീകൾക്കായി പ്രത്യേകം മുറികളുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോർമിറ്ററി ആണിത്.
രാത്രി ഏഴ് മണിക്ക് ചെക്കിൻ ചെയ്താൽ രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ വിശ്രമത്തിനാണെങ്കിൽ അതിനും സൗകര്യമുണ്ട്. സംഘമായി എത്തുന്നവർക്ക് പ്രത്യേക പാക്കേജുകൾ ലഭിക്കും. ഈ ഡോർമിറ്ററി പദ്ധതി മറ്റു സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനും അധികൃതർക്ക് ആലോചനയുണ്ട്. 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഡോർമിറ്ററിയും ഇവിടെയുണ്ട്.
എംഎൽഎമാരായ എസ്. ശർമ, പി.ടി. തോമസ്, ഡൊമനിക് പ്രസന്റേഷൻ, വി.ഡി. സതീശൻ, മേയർ സൗമിനി ജയിൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണ് ഡോർമിറ്ററി സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഫോൺ: 77366 66181.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here