കാവി നിറം പൂശിയ ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചു; നാട്ടുകാർ ആരാധന നടത്തിയത് ഒരു വർഷത്തോളം

കാവി നിറം പൂശിയ ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് ആരാധന നടത്തിയത് ഒരു വർഷത്തോളം. ഇന്ത്യയിൽ തന്നെയാണ്. ഉത്തർപ്രദേശിലെ മോദഹ ഗ്രാമത്തിലാണ് സംഭവം. കെട്ടിടത്തിൽ പൂശിയിരിക്കുന്ന കാവി നിറം കണ്ട് കണ്ട് അത് ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആരാധന. ഒരു വർഷത്തിനു ശേഷമാണ് ഇത്രയും കാലം തങ്ങൾ ആരാധന അർപ്പിച്ചത് കക്കൂസിനു മുന്നിലായിരുന്നുവെന്ന് നാട്ടുകാർക്ക് മനസ്സിലായത്. ഗൾഫ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കാവിനിറം പൂശി അടച്ചിട്ടിരിക്കുകയായിരുന്നു ഇത്. ഗ്രാമത്തിലെ ആരോഗ്യകേന്ദ്രത്തിനരികിലായിരുന്നു ഈ കെട്ടിടം. കാവി നിറത്തിൽ, കണ്ടാൽ ക്ഷേത്രമെന്നു തോന്നുന്ന കെട്ടിടം. പോരേ പൂരം. അത് ക്ഷേത്രമാണെന്ന് നാട്ടുകാർ വിചാരിച്ചു. അത് സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാൻ പോലും അവർ മെനക്കെട്ടില്ല. പുറത്ത് പൂജ തുടങ്ങി. പ്രതിഷ്ഠ കെട്ടിടത്തിനകത്താണെന്നു കരുതി പ്രാർത്ഥനയും വഴിപാടും പരാതി പ്രവാഹവും. ഒടുവിൽ ആരോഗ്യകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ കെട്ടിടത്തിൻ്റെ സത്യാവസ്ഥ പറഞ്ഞപ്പോഴാണ് ഇത്രയും കാലം തങ്ങൾ ദൈവിക സാന്നിധ്യം കണ്ടെത്തിയിരുന്നത് ഒരു കക്കൂസിനു മുന്നിലാണെന്ന് മനസ്സിലായത്.
കക്കൂസിൻ്റെ കാവി നിറം കണ്ട് തെറ്റിദ്ധരിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വർഷം മുൻപ് പണി പൂർത്തിയാക്കിയെങ്കിലും കക്കൂസ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്തായാലും സംഭവത്തിനു ശേഷം കെട്ടിടത്തിൻ്റെ കാവി നിറം മാറ്റി പിങ്ക് ആക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴും അത് തുറന്നിട്ടില്ല.
ഉത്തർപ്രദേശിൽ, കേന്ദ്ര സർക്കാരിൻ്റെ സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴിൽ പണിത എല്ലാ ശൗചാലയങ്ങളുടെയും ചായം കാവി തന്നെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here