പാലക്കാട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ അപകടം: രണ്ട് മരണം

പാലക്കാട് കോട്ടായിയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ രണ്ട് പേർ ദാരുണമായി മരിച്ചു. ചുമട്ട് തൊഴിലാളികളായ ശ്രീധരൻ, വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. ചെറുകുളം സ്വദേശികളാണ് രണ്ട് പേരും.
മാർബിളുകൾക്കിടയിൽ ഉണ്ടായിരുന്ന മരകട്ടകൾ മാറ്റിയതിന് ശേഷം ഇറക്കനായി ശ്രീധരനും വിശ്വനാഥനും പാളികൾക്കിടയിൽ കയറിയെന്നും ഒരു ഭാഗത്ത് ഉണ്ടായിരുന്ന കൂറ്റൻ മാർബിൾ പാളികൾ ഇരുവരുടെയും ദേഹത്ത് പതിക്കുകയായിരുന്നെന്നും മറ്റ് തൊഴിലാളികൾ പറഞ്ഞു. ശ്രീധരൻ മാർബിൾ പാളികൾക്കുള്ളിൽ നിൽക്കുകയും വിശ്വനാഥൻ ഇരിക്കുകയുമായിരുന്നു.
കൂടെയുള്ള തൊഴിലാളികൾ ഏറെ നേരം ശ്രമിച്ചെങ്കിലും വലിയ മാർബിൾ പാളികൾ എടുത്തു മാറ്റാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം ഇരുവരും കുടുങ്ങിക്കിടന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് മാർബിൾ എടുത്തു മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here