അധ്യാപകൻ സുദർശന്റെ പേര് ആത്മഹത്യാ കുറിപ്പിൽ; മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു.
ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീൽ നൽകിയിരുന്നു. ഇരുപതിൽ 13 മാർക്കായിരുന്നു ഫാത്തിമയ്ക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പുനഃപരിശോധനയിൽ ഫാത്തിമയ്ക്ക് പതിനെട്ട് മാർക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ സുദർശൻ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്. അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ബന്ധുക്കൾ ഉന്നയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ചെന്നെയിലെത്തിയപ്പോൾ പൊലീസിന് വ്യക്തമായ അന്വേഷണം നടത്താൻ താൽപര്യമില്ല എന്നാണ് മനസിലാവുന്നതെന്ന് കൊല്ലം മേയർ വി. രാജേന്ദ്രബാബു പറഞ്ഞു.
Read also: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ഇക്കഴിഞ്ഞ ഒൻപതാം തീയതിയാണ് ഫാത്തിമ ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ചത്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ടമെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here