സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കാൻ നിയമം ഉടൻ നടപ്പാക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കുന്ന നിയമം ഉടൻ നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിവിധ സമിതികൾ നടത്തിയ പഠനത്തിൽ 18 വയസിന് താഴെ വിവാഹിതരാകുന്നത് വൈവാഹിക ജീവിതം തകരാറിലാക്കാൻ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.
വിവാഹ നിയമം, ശിശു സംരക്ഷണ നിയമം തുടങ്ങിയവ ഭേതഗതി ചെയ്യണമെന്ന ആവശ്യവും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ടുവച്ചു. ഭേതഗതിയുമായി ബന്ധപ്പെട്ട കരട് നിയമം നേരത്തെ തയ്യാറാക്കിയിരുന്നു. വിവാഹിതയാകുന്ന പെൺകുട്ടിയുടെ സമ്മതം, മാനസികമായും ശാരീരികമായും പക്വത കൈവരിക്കൽ തുടങ്ങിയവയും വിവാഹത്തിന് പരിഗണിക്കണമെന്ന് നിർദിഷ്ട നിയമം പറയുന്നു. ശൂറാ കൗൺസിൽ ഉൾപ്പെടെയുള്ള ബോഡികൾ ഇതുസംബന്ധമായ ചർച്ചയും നടത്തിയിരുന്നു. വിവിധ സമിതികൾ നടത്തിയ പഠന റിപ്പോർട്ടുകളിൽ ശൈശവ വിവാഹത്തിന്റെ ദോഷങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നു കമ്മീഷൻ പറഞ്ഞു.
വൈവാഹിക ജീവിതം സമാധാനപരമാകാനും നീണ്ടു നിൽക്കാനും ഈ നിയമം അനിവാര്യമാണെന്നും, വിവാഹപ്രയവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പുതിയ നിയമം നടപ്പിലാക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here