കയ്യിൽ ടിക്കറ്റിനുള്ള കാശു മാത്രമായി ഉറങ്ങിപ്പോയി; പിഴ വിധിച്ച് ചെക്കിംഗ് ഇൻസ്പക്ടർ: സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് പണം നൽകി എസ്ഐ

കയ്യിൽ ടിക്കറ്റിനുള്ള കാശ് മാത്രമായി ബസിൽ ഇരുന്നുറങ്ങിയ യാത്രക്കാരന് കെഎസ്ആർടിസി ചുമത്തിയ പിഴ സ്വന്തം പോക്കറ്റിൽ നിന്നടച്ച് എസ്ഐ. ആലപ്പുഴയിലാണ് സംഭവം നടന്നത്. ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ യാത്രക്കാരനാണ് ടിക്കറ്റ് ചെക്കിംഗ് ഇൻസ്പക്ടർ 500 രൂപ പിഴയിട്ടത്. കയ്യിൽ പണമില്ലെന്നും കണ്ടക്ടർ വരാതിരുന്നതുകൊണ്ട് ടിക്കറ്റ് എടുക്കാതിരുന്നതാണെന്നും യാത്രക്കാരൻ വ്യക്തമാക്കിയെങ്കിലും അതിനു ചെവി കൊടുക്കാതെ ചെക്കിംഗ് ഇൻസ്പക്ടർ കണ്ട്രോൾ റൂമിലേക്ക് ഇയാളെ കൊണ്ടു പോയി. തുടർന്നാണ് കണ്ട്രോൾ റൂം എസ്ഐ ടിജി സുരേഷ് കുമാർ പിഴയടച്ചത്.
ഇന്നലെ വൈകിട്ട് ആലപ്പുഴ സ്റ്റാൻഡിലായിരുന്നു സംഭവം. കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന സജിമോൻ വീട്ടിലേക്ക് വരാനായി ബസിൽ കയറി. വൈകിട്ട് 6.30ന് ബസിൽ കയറിയ ഇയാൾ ടിക്കറ്റ് തുകയായ 24 രൂപ കയ്യിൽ കരുതി പിൻഭാഗത്തെ സീറ്റിലിരുന്നു. ക്ഷീണം കാരണം ഇയാൾ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോൾ ചെക്കിംഗ് ഇൻസ്പക്ടർ വന്ന് ടിക്കറ്റ് അന്വേഷിച്ചു. ടിക്കറ്റ് എടുക്കാനായി കണ്ടക്ടർ വന്നില്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയതാണെന്നും സജിമോൻ പറഞ്ഞുവെങ്കിലും ചെക്കിംഗ് ഇൻസ്പക്ടർ അതിനു ചെവി കൊടുത്തില്ല. മനപൂർവം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിന് 500 രൂപ പിഴയൊടുക്കണമെന്നായി ചെക്കിംഗ് ഇൻസ്പെക്ടറുടെ ആവശ്യം. കയ്യിൽ ബസ് ചാർജിനുള്ള പണം മാത്രമാണ് ഉള്ളതെന്ന് സജിമോൻ പറഞ്ഞുവെങ്കിലും പിഴ നൽകാതെ പോവാൻ കഴിയില്ലെന്ന് ചെക്കിംഗ് ഇൻസ്പക്ടർ വാശിപിടിച്ചു. മറ്റു യാത്രക്കാരും സജിമോനെ പിന്താങ്ങിയതോടെ ബസിൽ ബഹളമായി.
ആലപ്പുഴ സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ചെക്കിംഗ് ഇൻസ്പക്ടർ വിവരം കണ്ട്രോൾ റൂമിൽ അറിയിച്ചു. സംഭവം അന്വേഷിക്കാൻ വന്ന എസ്ഐ ടിജി സുരേഷ് കുമാറിനോട് സജിമോൻ കാര്യങ്ങൾ പറഞ്ഞു. ഇയാളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ സുരേഷ് കുമാർ പിഴ ഒഴിവാക്കണമെന്ന് ചെക്കിംഗ് ഇൻസ്പക്ടറോട് അഭ്യർത്ഥിച്ചു. എന്നാൽ പിഴ നൽകിയിട്ടു പോയാൽ മതിയെന്നായിരുന്നു അയാളുടെ വാശി. ഒടുവിൽ തൻ്റെ പേഴ്സിൽ നിന്ന് 500 രൂപയെടുത്ത് എസ്ഐ സജിമോനു നൽകി. തുടർന്ന് സജിമോൻ പിഴയടക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here