മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങുക. ഇരുവരുടെയും ബന്ധുക്കൾ തൃശൂരിൽ എത്തിയിട്ടുണ്ട്.
തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ 10 മണിയോടെയാകും ഏറ്റുവാങ്ങുക. മണിവാസകത്തിന്റെ മൃതദേഹം ജന്മനാടായ തമിഴ്‌നാട് സേലത്ത് എത്തിച്ച് സംസ്‌കരിക്കും.
കാർത്തിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തൃശ്ശൂർ ലാലൂരിലെ ശ്മശാനത്തിൽ സംസ്‌കരിക്കും. നേരത്തെ മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും വിശദമായ അന്വേഷണം നടക്കുന്നത് വരെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കാർത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സംസ്‌ക്കാരം നീണ്ടു പോയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.
ഏറ്റുമുട്ടലിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here