മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിൽ അനിശ്ചിതത്വം

മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കാർത്തിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയെങ്കിലും കേരളത്തിൽ സംസ്‌ക്കാര ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയച്ചതോടെ മൃതദേഹം വിട്ടുകൊടുക്കൽ അനിശ്ചിതത്വത്തിലാണ്.
രാവിലെ തന്നെ ഇരുവരുടെയും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. മണിവാസകത്തിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ സഹോദരി ലക്ഷ്മിയും ബന്ധുക്കളുമാണെത്തിയത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ മണിവസകത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മുദ്രാവാക്യം വിളികളോടെയാണ് പോരാട്ടം പ്രവർത്തകർ മണിവാസകത്തിന് വിട നൽകിയത്. ഇയാളുടെ മൃതദേഹം ജന്മനാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കും.
കാർത്തിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ അമ്മ മീനയും സഹോദരി വാസന്തിയും എത്തി. മൃതദേഹം തൃശൂരിൽ തന്നെ സംസ്‌കരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. കേരള- തമിഴ്‌നാട് അതിർത്തിയിൽ വെച്ച് മൃതദേഹം കൈമാറാമെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
സംസ്‌കാരത്തിന് അനുമതി തേടി കാർത്തിയുടെ ബന്ധുക്കൾ ജില്ലാകളക്ടറെ സമീപിച്ചിരിക്കുകയാണ്. മൃതദേഹം സംസ്‌കരിക്കാൻ ഇന്നലെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here