ശബരിമല തീര്‍ത്ഥാടനത്തിന് സന്നിധാനം പൂര്‍ണ സജ്ജം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല തീര്‍ത്ഥാടനത്തിന് സന്നിധാനം പൂര്‍ണ സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സന്നിധാനത്ത് ആറായിരത്തി അഞ്ഞൂറോളം പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. 40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണം നടത്തും. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 306 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
1161 ശൗചാലയങ്ങള്‍, 160 കുളിമുറികള്‍, 150 യൂറിനല്‍സ് മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തിര വൈദ്യസഹായ കേന്ദ്രം (EMC) അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. പ്രസാദ വിതരണത്തിനായി പ്രത്യേക കൗണ്ടര്‍ സജ്ജമാക്കുകയും അരവണ കരുതല്‍ ശേഖരത്തിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
2.05 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികള്‍ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് നേരം അന്നദാനം നല്‍കാനുള്ള അന്നദാനമണ്ഡപവും സജ്ജമാണ്. മാലിന്യസംസ്‌കരണത്തിനായി മൂന്ന് ഇന്‍സിനറേറ്ററുകളും, 600 വേസ്റ്റ് ബിനും അഞ്ച് എംഎല്‍ഡിയുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
നിലവിലുള്ള എല്ലാ കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരമ്പരാഗത പാതയില്‍ കാര്‍ഡിയോളജി സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ഓഫ് റോഡ് ആംബുലന്‍സ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ശബരിമലയില്‍ കുടിവെള്ളം എത്തിക്കുന്ന കുന്നാര്‍ ഡാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here