കർണാടകയിലെ വിമത എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യത ശരിവച്ച് സുപ്രിംകോടതി

കർണാടകയിലെ പതിനേഴ് കോൺഗ്രസ്, ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രിംകോടതി. പതിനേഴ് എംഎൽഎമാർ നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ വിധി. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എംഎൽഎമാർക്ക് തടസമില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഡിസംബർ അഞ്ചിനാണ് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അയോഗ്യത കൽപിച്ച എംഎൽഎമാർക്ക് ആറ് മാസത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നായിരുന്നു സ്പീക്കർ പറഞ്ഞത്. ഇത് സുപ്രീംകോടതി തള്ളി. എംഎൽഎമാർക്ക് സ്പീക്കർ ആറ് മാസം വിലക്കേർപ്പെടുത്തിയ നടപടി ശരിയല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
കർണാടകയിലെ കുമാരസ്വാമി സർക്കാരിനെ തള്ളി, ജെഡിഎസ്- കോൺഗ്രസ് പാർട്ടികളിലെ 17 എംഎൽഎമാർ ബിജെപിയെ അനുകൂലിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് ചോദ്യം ചെയ്ത് കോൺഗ്രസും ജെഡിഎസും നൽകിയ പരാതിയിലാണ് മുൻ സ്പീക്കർ രമേഷ് കുമാർ 17 എംഎൽഎമാരെയും കൂറുമാറിയതിനാൽ അയോഗ്യരായി പ്രഖ്യാപിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു.
Read also: കർണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ച സംഭവം; ഹൈക്കോടതിയെ സമീപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here