സുപ്രിംകോടതി വിധിയിൽ വ്യക്തതയില്ല; യുവതികൾ വന്നാൽ സർക്കാരിന് സംരക്ഷണം നൽകേണ്ടി വരുമെന്ന് എ പദ്മകുമാർ

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയിൽ വ്യക്തതയില്ലെന്ന് എ പദ്മകുമാർ. സെപ്തംബർ 28 ലെ വിധി നിലനിൽക്കുമെന്നും ഇല്ലെന്നുമുള്ള വാദം ഉയർന്നിട്ടുണ്ട്. ഇതിൽ ഏതാണ് ശരി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിക്കുമ്പോൾ സുപ്രിംകോടതിക്ക് വ്യക്തത നൽകാമായിരുന്നുവെന്നും പദ്മകുമാർ പറഞ്ഞു.
പുനഃപരിശോധനാ ഹർജികളും സാവകാശ ഹർജികളും ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചാലും സെപ്തംബർ 28 ലെ വിധി നിലനിൽക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാകുക. ആ വിധിയാണ് നിലനിൽക്കുന്നതെങ്കിൽ ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം നൽകേണ്ടി വരുമെന്നും പദ്മകുമാർ പറഞ്ഞു.
ദേവസ്വം ബോർഡും സർക്കാരും എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അതാത് മേഖലകളിൽ ഉള്ളവരാണ് പ്രതികരിക്കേണ്ടത്. വ്യക്തിപരമായി ശബരിമലയുമായി ബന്ധമുള്ളയാൾ എന്ന നിലയിൽ വിധി എന്തു തന്നെയായാലും ശബരിമലയിലെ സാഹചര്യം സമാധാനപരമായി കൊണ്ടുപോകണമെന്നാണ് അഭിപ്രായം. മുഴുവൻ ആളുകളും ഒരു പോലെ പരിശോധിക്കണം. വിധി ഗുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമോ എന്ന് ദേവസ്വം ബോർഡും സർക്കാരും പരിശോധിക്കട്ടെയെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here