മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ മൃതദേഹം സംസ്‌കരിച്ചു

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രിയോടെ ജന്മനാടായ പുതുക്കോട്ടയിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്.
ഇന്നലെ രാവിലെ കാർത്തിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. കാർത്തിയുടെ മൃതദേഹം തൃശൂരിൽ സംസ്‌കരിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാൽ തൃശൂരിൽ അടക്കം ചെയ്യാൻ പൊലീസ് അനുമതി നിഷേധിച്ചു. സംസ്‌കാരത്തിന് അനുമതി തേടി ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും സുരക്ഷാപ്രശ്‌നങ്ങൾ മുൻനിർത്തി കലക്ടറും അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ബന്ധുക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ കാർത്തിയുടെ മൃതദേഹം ആറ് മണിയോടെ ജന്മനാടായ പുതുക്കോട്ടയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാനാവാത്തതിനെ തുടർന്ന് ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here