കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ കടുത്ത നടപടികൾ വേണ്ടി വരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ കടുത്ത നടപടികളും കൂടുതൽ സർക്കാർ സഹായവും വേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കിയ അവസ്ഥയാണ് കെഎസ്ആർടിസി യുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും സർവീസുകൾ റദ്ദാക്കുന്നതും ചൂണ്ടിക്കാട്ടി എം വിൻസന്റാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വരുമാന നഷ്ടത്തിന്റെ പേരിൽ സർവീസ് റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശമ്പളവും പെൻഷനും മുടക്കി ജീവനക്കാരെ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
എന്നാൽ, പ്രതിസന്ധി നേരത്തേ ഉള്ളതാണെന്നും അത് മറികടക്കാൻ ഒറ്റമൂലികളില്ലെന്നും ഗതാഗത മന്ത്രി മറുപടി നൽകി. സർക്കാരിന് അവകാശ വാദങ്ങൾ മാത്രമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here