ആദ്യ ക്രഷ് ആര്?; മെസ്സിയെയാണോ ക്രിസ്ത്യാനോയെയാണോ ഇഷ്ടം?: സ്മൃതി മന്ദന മനസ്സു തുറക്കുന്നു

ഒട്ടേറെ ആരാധകരുള്ള താരമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ദന. സോഷ്യൽ മീഡിയയിൽ ആക്ടീവായ മന്ദന ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ ചില വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി മനസ്സു തുറന്നിരിക്കുകയാണ്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് മന്ദന മനസ്സു തുറന്നത്.
ക്രഷ് ആരാണെന്ന ഒരു ആരാധകൻ്റെ ചോദ്യത്തിന് തൻ്റെ ആദ്യ ക്രഷ് ആരായിരുന്നു എന്നതിനെപ്പറ്റിയായിരുന്നു മന്ദനയുടെ ഉത്തരം. തൻ്റെ പത്താം വയസ്സിൽ ബോളിവുഡ് താരം ഋതിക് റോഷനോടാണ് ആദ്യമായി ക്രഷ് തോന്നിയതെന്ന് ഇന്ത്യൻ ഓപ്പണർ കുറിച്ചു. ഇപ്പോൾ സിംഗിൾ ആണോ എന്ന ചോദ്യത്തിന് മന്ദന ‘ചിലപ്പോൾ ആവാം’ എന്ന എങ്ങും തൊടാതെയുള്ള മറുപടി നൽകി. മെസ്സിയോ ക്രിസ്ത്യാനോയോ എന്ന ചോദ്യത്തിന് പക്ഷേ, അവർ കൃത്യമായ ഉത്തരം നൽകി. ‘ക്രിസ്ത്യാനോ റൊണാൾഡൊ’ എന്നായിരുന്നു മന്ദനയുടെ ഉത്തരം.
ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി എണ്ണപ്പെടുന്ന മന്ദന ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഏറ്റവും വേഗത്തിൽ 2000 ഏകദിന റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റർ എന്ന നേട്ടം ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി മന്ദന സ്വന്തമാക്കിയിരുന്നു. പരുക്കിൽ നിന്ന് മുക്തയായി വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തിരിച്ചെത്തിയ അവർ മിന്നുന്ന ഫോമിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here