പെനൽറ്റി നഷ്ടപ്പെടുത്തി; റീബൗണ്ടിൽ ഗോളടിച്ചു; മെസിച്ചിറകിൽ അർജന്റീന മുന്നിൽ

ബ്രസീൽ-അർജൻ്റീന സൂപ്പർ ക്ലാസിക്കോ മത്സരത്തിൽ അർജൻ്റീന ലീഡ് ചെയ്യുന്നു. സൂപ്പർ താരം ലയണൽ മെസിയുടെ ഗോളിലാണ് അർജൻ്റീന മുന്നിട്ടു നിൽക്കുന്നത്. 14ആം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ.
മത്സരത്തിലുടനീളം മുന്നിട്ടു നിന്നത് കാനറികളാണെങ്കിലും കിട്ടിയ അവസരം അർജൻ്റീന ഗോളാക്കി മാറ്റുകയായിരുന്നു. വലതു പാർശ്വത്തിലൂടെ പന്തുമായി ഇരച്ചു കയറിയ മെസിയെ അലക്സ് സാൻഡ്രോ ബോക്സിനുള്ളിൽ വീഴ്ത്തി. പെനൽറ്റി എടുത്ത മെസിക്ക് പിഴച്ചു. ദുർബലമായ ഷോട്ട് ഗോൾ കീപ്പർ അലിസൺ തട്ടിയകറ്റി. എന്നാൽ പന്ത് വീണത് മെസിയുടെ തന്നെ കാൽക്കലായിരുന്നു. അത് വലയിലേക്ക് തട്ടിയിട്ട ഇതിഹാസ താരം അർജൻ്റീനയെ മുന്നിലെത്തിച്ചു.
നേരത്തെ ഏഴാം മിനിട്ടിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം റോബർട്ടോ ഫെർമിനോ പാഴാക്കിയിരുന്നു. 10ആം മിനിട്ടിൽ ലഭിച്ച പെനൽറ്റി ഗബ്രിയേൽ ജെസൂസും പാഴാക്കി. ലിയനാർഡോ പരേദസ് തന്നെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി ജെസൂസ് പുറത്തേക്കടിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here