മായങ്ക് മായാജലം; രണ്ടാം ദിനം ഇന്ത്യക്ക് കൂറ്റൻ സ്കോർ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 493 റൺസെടുത്തിട്ടുണ്ട്. കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗർവാളിൻ്റെ മികവിലാണ് ഇന്ത്യ കുതിക്കുന്നത്. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ എന്നിവർ അർധസെഞ്ചുറി നേടി. ബംഗ്ലാദേശിനായി അബു ജെയ്ദ് നാലു വിക്കറ്റ് വീഴ്ത്തി.
11 ഇന്നിംഗ്സുകൾ മാത്രം കളിച്ച മായങ്ക് തൻ്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണ് തികച്ചത്. 243 റൺസെടുത്ത മായങ്ക് മെഹദി ഹസനു വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. 330 പന്തുകൾ നേരിട്ട അദ്ദേഹം 28 ബൗണ്ടറികളും എട്ട് സിക്സറുകളും സഹിതമാണ് 243 റൺസിലെത്തിയത്. മായങ്ക് പുറത്തായതിനു ശേഷം ഉത്തരവാദിത്തം ഏറ്റെടുത്ത രവീന്ദ്ര ജഡേജ ക്ഷണവേഗത്തിൽ സ്കോർ ഉയർത്തി. വൃദ്ധിമാൻ സാഹ (12) പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഉമേഷ് യാദവ് ടി-20 ശൈലിയിലാണ് ബാറ്റ് വീശിയത്. 76 പന്തുകളിൽ 60 റൺസെടുത്ത ജഡേജയും 10 പന്തുകളിൽ 25 റൺസെടുത്ത ഉമേഷ് യാദവും പുറത്താവാതെ നിൽക്കുകയാണ്.
നിലവിൽ 343 റൺസ് ലീഡുള്ള ഇന്ത്യ മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ ഡിക്ലയർ ചെയ്യാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here