മായമില്ലാതെ മായങ്ക്; രണ്ടാം ഇരട്ട ശതകം: ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. കരിയറിലെ രണ്ടാം ഇരട്ട ശതകം കുറിച്ച ഓപ്പണർ മായങ്ക് അഗർവാളാണ് ഇന്ത്യൻ സ്കോറിനു ചുക്കാൻ പിടിക്കുന്നത്. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ അർധശതകം കുറിച്ചു. ബംഗ്ലാദേശിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 226 റൺസ് മുന്നിലാണ് ഇന്ത്യ.
ബംഗ്ലാദേശിനെ കേവലം 150 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലായിരുന്നു. രോഹിതിൻ്റെ നഷ്ടത്തിൽ ആദ്യ ദിനം അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിനത്തിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചു. രണ്ടാം വിക്കറ്റിൽ മായങ്ക്-പൂജാര സഖ്യം 91 റൺസ് കൂട്ടിച്ചേർത്തു. 54 റൺസ് നേടിയ പൂജാരയെ അബു ജെയ്ദിൻ്റെ പന്തിൽ സൈഫ് ഹസ്സൻ പിടികൂടി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോലി രണ്ട് പന്തുകൾ മാത്രം നേരിട്ട് പൂജ്യനായി മടങ്ങി.
നാലാം വിക്കറ്റിൽ അജിങ്ക്യ രഹാനെ മായങ്കിനൊപ്പം ചേർന്നു. 190 റൺസ് നീണ്ട മാരത്തൺ കൂട്ടുകെട്ടിനു ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. അബു ജെയ്ദിനു നാലാം വിക്കറ്റ് സമ്മാനിച്ച രഹാനെ തൈജുൽ ഇസ്ലാമിനു പിടികൊടുത്ത് മടങ്ങി. 86 റൺസ് എടുത്ത ശേഷമാണ് രഹാനെ കളമൊഴിഞ്ഞത്. അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയെ സാക്ഷിയാക്കിയാണ് മായങ്ക് ഇരട്ട സെഞ്ചുറി തികച്ചത്. മെഹദി ഹസനെ സിക്സറടിച്ചായിരുന്നു മായങ്കിൻ്റെ നേട്ടം. കേവലം 12 ഇന്നിംഗ്സുകൾ മാത്രം കളിച്ച മായങ്കിൻ്റെ രണ്ടാം ഇരട്ട സെഞ്ചുറിയാണിത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിട്ടുണ്ട്. 211 റൺസെടുത്ത അഗർവാളും 14 റൺസെടുത്ത ജഡേജയും ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് 67 റൺസ് സ്കോർബോർഡിലേക്ക് ചേർത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here