യുവതികൾ ശബരിമലയിലേക്കു വന്നാൽ തടയുമെന്ന് പിസി ജോർജ്

യുവതികൾ ശബരിമല ദർശനം നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ. സുപ്രിം കോടതി വിധി സ്വാഗതാർഹമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം തൻ്റെ പ്രതിഷേധം ഒരു രാഷ്ട്രീയപ്പാർട്ടിക്കും ഒപ്പമായിരിക്കില്ലെന്നും പറഞ്ഞു.
കഴിഞ്ഞ തവണ ശബരിമലയിൽ യുവതികൾ എത്തുമെന്ന് ഭീഷണി ഉണ്ടായപ്പോൾ താൻ 240 പേരെ അത് തടയാനായി കൊണ്ടു വന്നിരുന്നു എന്നും പിസി ജോർജ് അവകാശപ്പെട്ടു. സംഘത്തിൽ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അന്ന് പത്തനം തിട്ടയിൽ നിൽക്കുകയായിരുന്നുവെന്നും പിസി പറയുന്നു. കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.
വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ശബരിമലയിൽ വീണ്ടും സംഘർഷം ഉണ്ടാക്കരുത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ കുറച്ച് വിശ്വാസമൊക്കെ വന്നിട്ടുണ്ട്. മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥി അതിന് ഉദാഹരണമാണെന്നും പിസി ജോർജ് പറഞ്ഞു.
അതേ സമയം, ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടതില്ല എന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. ത്ക്കാലം യുവതീ പ്രവേശനമില്ലെന്ന സർക്കാർ നിലപാട് മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചു. സുപ്രിംകോടതി വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാടിലാണ് സർക്കാരും സിപിഐഎമ്മും. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട തീരുമാനങ്ങളുണ്ടാകില്ല. സുപ്രിംകോടതിയിൽ നിന്ന് കൃത്യമായ മാർഗ നിർദേശങ്ങളുണ്ടാകണമെന്നാണ് നിലപാട്. ഇതിന് നിയമപരമായ വഴിതേടും. കോടതി ഉത്തരവുമായി വന്നാൽ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here