മണ്ഡല -മകര വിളക്ക് പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

മണ്ഡല -മകര വിളക്ക് പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും പൊലീസ് ഒരുക്കിയിരുന്നത്.
അതേസമയം, നിരോധനാജ്ഞ ഇത്തവണ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. നാളെ വൈകിട്ട് അഞ്ചിന് നട തുറന്ന ശേഷം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. വൃഞ്ചികം ഒന്നിന് നട തുറക്കന്നത് പുതിയ മേൽശാന്തിമാരാകും.
ശബരിമലയിലെ സുരക്ഷാക്രമീകരങ്ങൾ കണക്കിലെടുത്ത് 2500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ടത്തിൽ വിന്യസിക്കുന്നത്. നിലയ്ക്കലും, പമ്പയിലും, സന്നിധാനത്തും ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇത്തവണയും തീർത്ഥാടകരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുകയില്ല. 10000 ത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നിലയ്ക്കൽ ഒരുക്കിയിട്ടുണ്ട്. 2000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ പൂർത്തിയാകുമെന്ന പത്തനംതിട്ട ജില്ല കളക്ടർ പറഞ്ഞു.
പമ്പയിൽ ത്രിവേണി മുതൽ ഗണപതി ക്ഷേത്രം വരെ താത്ക്കാലിക നടപന്തലും തീർത്ഥാടകർക്ക് വിരി വെയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന പമ്പാ തീരത്തെ കുളിക്കടവുകളുടെ പണിയും പൂർത്തിയായിട്ടുണ്ട്. ശബരിമല സന്നിധാനത്ത് 6000 ലധികം പേർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ടാകും. പ്രസാദ വിതരണത്തിനായി പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ശൗചാലയങ്ങളും മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക പ്ലാൻറുകളും ഒരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here