പന്തീരാങ്കാവ് അറസ്റ്റ്; താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി

കോഴിക്കോട് യുഎപിഎ കേസിൽ അറസ്റ്റിലായ താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി തിങ്കളാഴ്ചവരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം, താഹയും അലനും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
തങ്ങളെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചുണ്ടെന്നും, അത് സ്വാഭാവിക നടപടി മാത്രമാണെന്നും താഹ ഫസൽ പറഞ്ഞു.
പാർട്ടി തങ്ങൾക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും താഹ പറഞ്ഞു . മാവോയിസ്റ്റ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു താഹയുടെ മറുപടി. പൊലീസ് ആദ്യ ദിവസം തന്നെ മർദിച്ചുവെന്ന് താഹ പരാതിപ്പെട്ടു.
അതേസമയം, നിലവിലുള്ള അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനും ആലോചന. നാളെ നടക്കുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.
നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here