അർജന്റീനക്ക് പ്രതാപകാലത്തേക്കൊരു തിരിച്ചു പോക്ക്; ബ്രസീലിനെ തോല്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ലോകം ഉറ്റുനോക്കിയ അർജൻ്റീന-ബ്രസീൽ പോരാട്ടത്തിൽ അർജൻ്റീനക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അർജൻ്റീന ബ്രസീലിനെ തോല്പിച്ചത്. മത്സരത്തിൻ്റെ 14ആം മിനിട്ടിൽ സൂപ്പർ താരം ലയണൽ മെസിയാണ് അർജൻ്റീനക്കായി ഗോൾ നേടിയത്. പന്ത് കൈവശം വെക്കുന്നതിൽ മുന്നിൽ നിന്നിട്ടും ഫിനിഷിംഗിലെ പോരായ്മകൾ ബ്രസീലിനു തിരിച്ചടിയാവുകയായിരുന്നു.

ബ്രസീൽ ആധിപത്യം കണ്ട ആദ്യ പകുതിയിൽ അർജൻ്റീനയുടെ ചുണക്കുട്ടികൾ ഇടക്കൊക്കെ ബ്രസീൽ ഗോൾമുഖത്തും അപകടം വിതച്ചു. ലയണൽ മെസിയുടെ കാലിൽ പന്ത് കിട്ടുമ്പോഴൊക്കെ ബ്രസീൽ പ്രതിരോധം ഉലയുന്നത് കാണാമായിരുന്നു. രണ്ടാം മിനിട്ട് മുതൽ ആക്രമണം തുടങ്ങിയ ബ്രസീലിന് ഏഴാം മിനിട്ടിലാണ് ആദ്യ അവസരം ലഭിച്ചത്. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം റോബർട്ടോ ഫെർമിനോ പാഴാക്കി. തുടർച്ചയായ ആക്രമണങ്ങൾക്കിടെ പത്താം മിനിട്ടിൽ ബ്രസീലിനു പെനൽറ്റി. അർജൻ്റീന ഡിഫൻഡർ ലിയനാർഡോ പരേദസ് ബ്രസീൽ സ്ട്രൈക്കറെ ബോക്സിൽ വീഴ്ത്തിയതിന് റഫറി സ്പോട്ടിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത ജെസൂസ് പന്ത് പുറത്തേക്കടിച്ചു.

14ആം മിനിട്ടിൽ കളിയുടെ ഒഴുക്കിനു വിപരീതമായി അർജൻ്റീന ഗോളടിച്ചു. വലതു പാർശ്വത്തിലൂടെ പന്തുമായി ഇരച്ചു കയറിയ മെസിയെ അലക്സ് സാൻഡ്രോ ബോക്സിനുള്ളിൽ വീഴ്ത്തി. പെനൽറ്റി എടുത്ത മെസിക്ക് പിഴച്ചു. ദുർബലമായ ഷോട്ട് ഗോൾ കീപ്പർ അലിസൺ തട്ടിയകറ്റി. എന്നാൽ പന്ത് വീണത് മെസിയുടെ തന്നെ കാൽക്കലായിരുന്നു. അത് വലയിലേക്ക് തട്ടിയിട്ട ഇതിഹാസ താരം അർജൻ്റീനയെ മുന്നിലെത്തിച്ചു.

ഗോൾ വീണിട്ടും തളരാതിരുന്ന ബ്രസീൽ പലവട്ടം അർജൻ്റീന ഗോൾമുഖത്ത് അപകടം വിതച്ചു. ലയണൽ മെസിയെ കൃത്യമായി മാർക്ക് ചെയ്യാൻ കഴിയാത്തത് മാത്രമായിരുന്നു അവരുടെ പ്രശ്നം. അതുകൊണ്ട് തന്നെ ചില സെറ്റ് പീസുകൾ അർജൻ്റീനക്ക് ലഭിക്കുകയും ചെയ്തു. 31ആം മിനിട്ടിൽ മെസിയുടെ ഒരു പവർഫുൾ ഷോട്ട് ബ്രസീൽ പ്രതിരോധം ബ്ലോക്ക് ചെയ്തു. 36ആം മിനിട്ടിൽ ബ്രസീലിൻ്റെ സുന്ദരമായ ടീം പ്ലേ. കസമീറോയുടെ ത്രൂ ബോൾ, ഗബ്രിയെൽ ജെസൂസ് വലതു പാർശ്വത്തിൽ ഡാനിലോക്ക് മറിച്ചു നൽകി. ക്രോസ് കൊടുക്കാൻ പാകത്തിലുള്ള പൊസിഷനിലായിട്ടും ദുഷ്കരമായ ആംഗിളിൽ നിന്ന് സ്കോർ ചെയ്യാൻ ശ്രമിച്ച ഡാനിലോക്ക് പിഴച്ചു. പന്ത് പുറത്തേക്ക്.

45ആം മിനിട്ടിൽ വില്യൻ്റെ ഇൻ്റസപ്ഷൻ അർജൻ്റീനയെ ഉലച്ചെങ്കിലും അനാവശ്യമായി അത് ഡ്രിബിൾ ചെയ്ത താരം അവസരം തുലച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മൂന്നു ഡിഫൻഡർമാരെ മറികടന്ന് മെസി ഉതിർത്ത ഷോട്ട് അലിസണു പിടിക്കാൻ പാകത്തിലായിപ്പോയി. ആദ്യ പകുതിയിൽ അർജൻ്റീന 1-0 എന്ന സ്കോറിനു ലീഡ് ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക്കാസ് പക്വേറ്റക്ക് പകരം ഫിലിപ്പെ കുട്ടീഞ്ഞോ ബ്രസീൽ നിരയിൽ കളത്തിലിറങ്ങി. മധ്യനിരയിൽ ക്രിയാത്മകമായി ഇടപെട്ട കുട്ടീഞ്ഞോ മുന്നേറ്റത്തിന് നിരന്തരം പന്തുകളെത്തിച്ചു എങ്കിലും ഫിനിഷിംഗ് പാളിച്ച തുടർന്നു. 50ആം മിനിട്ടിൽ രണ്ടിലധികം അർജൻ്റീന ഡിഫൻഡർമാരെ മറികടന്ന മുൻ ബാഴ്സ താരം നൽകിയ മനോഹരമായ ഒരു ലോബ് ത്രൂ ബോൾ ഓഫ് സൈഡ് കെട്ടു പൊട്ടിച്ച് കാലിൽ കൊരുത്തെങ്കിലും ഷോട്ട് ഉതിർക്കാൻ ബോക്സിനു പുറത്ത് ഡ്രിബിൾ ചെയ്ത ജെസൂസിനെ അർജൻ്റീന ഡിഫൻഡർമാർ വളഞ്ഞു.

രണ്ടാം പകുതിയിൽ അർജൻ്റീനയായിരുന്നു മുന്നിട്ടു നിന്നത്. കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മെസിയും കൂട്ടരും തരം കിട്ടുമ്പോഴൊക്കെ ബ്രസീൽ പ്രതിരോധത്തെ പരീക്ഷിച്ചു. പലപ്പോഴും ഗോൾ കീപ്പർ അലിസൻ ബെക്കറുടെ ഇടപെടലുകൾ ബ്രസീലിനെ രക്ഷിച്ചു നിർത്തുകയായിരുന്നു. ലയണൽ മെസിയുടെ പ്രഭാവം അർജൻ്റീന ആക്രമണങ്ങൾക്ക് മൂർച്ച നൽകിയപ്പോൾ മുന്നേറ്റത്തിലെ ഭാവനാശൂന്യത ബ്രസീലിനു തിരിച്ചടിയായി. പന്ത് കൈവശം വെക്കുന്നതിലും ചാൻസുകൾ ക്രിയേറ്റ് ചെയ്യുന്നതിനും കാനറികൾ തന്നെ മുന്നിട്ടു നിന്നെങ്കിലും ഫൈനൽ തേർഡിൽ പ്രതിരോധം പിളർക്കുന്ന ഇടപെടൽ നടത്താൻ അവർക്കായില്ല.

പന്ത് കിട്ടാതെ ഉഴറുന്ന മെസിയുടെ കാഴ്ചക്ക് വിരാമം ഉണ്ടായതും സ്കലോണിയുടെ പുതിയ അർജൻ്റീനയിൽ കണ്ടു. മെസി എന്ന ഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങൾ എന്നതിനപ്പുറം ഒരു ടീം എന്ന നിലയിൽ അവരവരുടെ ജോലികൾ കൃത്യമായി ചെയ്തു എന്നതാണ് അർജൻ്റീനയുടെ വിജയം. സ്ട്രൈക്കർമാരായ പൗളോ ഡിബാലയും സെർജിയോ അഗ്യൂറോയും ബെഞ്ച് വാമിംഗ് നടത്തിയിട്ടും അർജൻ്റീന ആക്രമണത്തിനു മൂർച്ച കുറഞ്ഞില്ല എന്നത് ഒത്തിണക്കമുള്ള ടീം എന്നതിനുള്ള അടയാളമാണ്. ലയണൽ സ്കലോണി നൽകിയ ഗൃഹപാഠം കളിക്കളത്തിൽ കൃത്യമായി നടപ്പിലാക്കിയ അർജൻ്റീന കുട്ടികൾ പ്രതാപകാലത്തിൻ്റെ മടങ്ങി വരവു കൂടിയാണ് സൗദിയിൽ അടയാളപ്പെടുത്തിയത്. 2022ലെ ഖത്തർ ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് അവർ സാവധാനം നടന്നടുക്കുകയാണ്.

കോപ്പക്കു ശേഷമുണ്ടായ ജയവരൾച്ച ബ്രസീൽ അഞ്ചാം മത്സരത്തിലേക്കു കൂടി നീട്ടിയപ്പോൾ അർജൻ്റീനയാവട്ടെ കോപ്പക്കു ശേഷം തോൽവിയറിയാത്ത യാത്ര അഞ്ചാം മത്സരത്തിലേക്ക് നീട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top