ഹമാസിനെ ലക്ഷ്യംവച്ച് ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം

ഹമാസിനെ ലക്ഷ്യംവച്ച് ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം. ഉപരോധമേഖലകളിൽ നിന്ന് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിനുള്ള മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം.
ഇന്ന് രാവിലെയാണ് ഹമാസിനെ ലക്ഷ്യംവച്ച് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. ഉപരോധമേഖലകളിൽ നിന്ന് ഹമാസ് തങ്ങൾക്ക് നേരെ രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചതായും ഇസ്രയേലിന്റെ വ്യോമസേന റോക്കറ്റുകൾ തകർത്തതായും സൈന്യം പറഞ്ഞു. തങ്ങളുടെ ആക്രമണം ലക്ഷ്യംവച്ചത് ഹമാസിന്റെ താവളങ്ങളെയാണെന്ന് സൈന്യം കൂട്ടിച്ചേർത്തു. എന്നാൽ ആക്രമണത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബാഹാ അബു അൽ അത്തയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ നിരവധി ആക്രമണങ്ങൾ നടന്നെങ്കിലും ഇതാദ്യമായാണ് ഹമാസിനെ ലക്ഷ്യംവച്ച് ഒരു ആക്രമണം നടക്കുന്നത്.
കഴിഞ്ഞ ദിവസം പലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ താവളങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേലിന് നേരെ ഇസ്ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. വ്യാഴാഴ്ച രാവിലെയോടെയാണ് പലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദും ഇസ്രയേലും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിന് ധാരണയായത്.
ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബാഹാ അബു അൽ അത്തയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഗാസ വീണ്ടും യുദ്ധക്കളമായത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒരു കുടുംബത്തിലെ ആറു പേരുൾപ്പെടെ 34 പേർ കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here