ജോലി: ഗസ്സയില്‍ പോയി മനുഷ്യര്‍ കെട്ടിപ്പടുത്തതെല്ലാം പൊളിക്കുക; ലക്ഷക്കണക്കിന് ശമ്പളം; പകപോക്കുന്നതില്‍ വലിയ സംതൃപ്തിയുമെന്ന് ഇസ്രയേല്‍ ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍മാര്‍

ചെയ്യുന്ന ജോലിക്ക് നാട്ടിലെങ്ങുമില്ലാത്ത അത്യാകര്‍ഷകമായ കൂലി കിട്ടുമെങ്കില്‍ ജോലിയില്‍ കുറച്ച് റിസ്‌കൊക്കെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഗസ്സയിലെ ചില പൊളിക്കല്‍ പണിക്കായി ആളെ തേടുമ്പോള്‍ ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്ന ഓപ്ഷനുകള്‍ രണ്ടാണ്. ഒന്നുകില്‍ റിസ്‌ക് പേടിച്ച് ഗസ്സയിലേക്ക് പോകാതിരിക്കാം. അല്ലെങ്കില്‍ കീശ നിറയെ പൈസയും വാങ്ങി ഗസ്സയില്‍ പോയി ജോലി ചെയ്യാം. യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ ഗസ്സയിലെ അവസാന കെട്ടിടങ്ങളും പൊളിച്ചടുക്കുകയാണ് വന്‍ പാരിതോഷികം ലഭിക്കുന്ന ഈ വിശേഷപ്പെട്ട ജോലി. ഗസ്സ നഗരത്തിന്റെ ശവപ്പെട്ടിയിലേക്ക് അവസാന ആണിയും അടിച്ചുകയറ്റുന്ന ജോലി. ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് ഗസ്സയിലെ മനുഷ്യര്‍ കെട്ടിപ്പൊക്കിയതെല്ലാം പൊളിച്ചുപൊളിച്ച് ഒടുവില്‍ ഗസ്സയെ മരുപ്പറമ്പാക്കുന്ന ജോലി. പണത്തിനും മേലെയാണ് ഗസ്സയിലെ കെട്ടിടങ്ങള്‍ പൊളിച്ചടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയെന്ന് ഇസ്രയേല്‍ പത്രം ഹാരേറ്റ്‌സിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് ചില തൊഴിലാളികള്‍. ഇത് കേവലം പണത്തിനുവേണ്ടിയല്ല ഞങ്ങളുടെ പകപോക്കല്‍ കൂടിയാണെന്ന് പറയുന്നു കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയവര്‍. കെട്ടിടം പൊളിച്ച് പണമുണ്ടാക്കാന്‍ ഗസ്സയിലേക്ക് അനുദിനം ഇസ്രയേല്‍ പൗരന്മാരെത്തുന്നുണ്ട്. ആശ്ചര്യപ്പെടുത്തുന്നതാണ് ഗസ്സയിലെ ഈ ബുള്‍ഡോസര്‍ രാജിന്റെ ഉള്ളറകള്‍. (Israelis Profiting From Razing Buildings in Gaza)
പണവും ഗഡ്‌സും കുറച്ച് പകയും കൂടിയുണ്ടെങ്കില്‍ കെട്ടിടം പൊളിക്കല്‍ വേലയില്‍ വെച്ചടി വെച്ചടി കയറ്റമായിരിക്കും. ഹാരെറ്റ്‌സിനോട് ഒരു തൊഴിലാളി പറയുന്ന കണക്കുകള്‍ നോക്കാം. നിങ്ങള്‍ക്ക് ഒരു 7 ലക്ഷം ഷെക്കല്‍ ഒപ്പിക്കാന്‍ പറ്റുമെന്ന് കരുതുക. ഈ പൈസ കൊണ്ട് സുഖമായി നിങ്ങള്‍ക്കൊരു എക്‌സ്‌കവേറ്റര്‍ വാങ്ങാന്‍ പറ്റും. ഇത് ഗസ്സയിലെ പൊളിക്കല്‍ വേലകള്‍ക്ക് നല്‍കിയാല്‍ ഇസ്രയേല്‍ സൈന്യം നിങ്ങള്‍ക്ക് ദിവസം 5000 ഷെക്കല്‍ നല്‍കും. ഇതില്‍ 1000 ഷെക്കല്‍ ആ ഉപകരണം ഓപ്പറേറ്റ് ചെയ്യുന്നയാള്‍ക്ക് നല്‍കണം. ബാക്കി കിട്ടുന്നത് മൊത്തം ലാഭമായിരിക്കും. ഗസ്സയിലാണെങ്കില്‍ വീടുകള്‍ പൊളിക്കുന്ന പണിക്ക് ഒരു ക്ഷാമവുമില്ലെന്ന് കൂടി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി വിശദീകരിക്കുന്നു.
ഇസ്രയേലിലെ ഒരു സാധാരണ ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പൈസ ഗസ്സയിലെ ഓപ്പറേറ്റര്‍ക്ക് ലഭിക്കും. എന്നിരിക്കിലും ഗസ്സയിലേക്ക് പോകാന്‍ ഓപ്പറേറ്റര്‍മാരെ പലപ്പോഴും കിട്ടാന്‍ പാടാണ്. കാരണം അത് നല്ല റിസ്‌കുള്ള പണി തന്നെയാണ്. പൈസയുണ്ടാക്കാന്‍ ഗസ്സയിലേക്ക് പോകാന്‍ ആലോചിക്കുന്ന ഓപ്പറേറ്റര്‍മാരെയെല്ലാം ജൂലൈ 9ന് ഗസ്സയില്‍ കൊല്ലപ്പെട്ട എബ്രഹാം അസുലൈ എന്ന ഓപ്പറേറ്ററുടെ മുഖം നിരുത്സാഹപ്പെടുത്തും. എങ്കിലും ഈ പൊളിക്കല്‍ ഒരുപാട് ആസ്വദിക്കുന്ന നിരവധി ഓപ്പറേറ്റര്‍മാരുണ്ട്. ഗസ്സയിലെ മനുഷ്യര്‍ അധ്വാനിച്ചുണ്ടാക്കിയ വീടുകള്‍ പൊളിക്കുന്ന ജോലി ആദ്യമാദ്യം ചെയ്തിരുന്നത് പൈസയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ പിന്നീടത് പകവീട്ടലിന്റെ ലഹരിയായി മാറിയതായി നിരവധി ഓപ്പറേറ്റര്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഗസ്സയിലെ പൊളിക്കല്‍ ആസ്വദിക്കുന്ന ഇത്തരം നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ലഭ്യമാണ്. തകര്‍ന്ന സ്വന്തം വീടുകളുടെ അവശിഷ്ടങ്ങള്‍ക്കരികില്‍ നിന്ന് വിലപിക്കുന്ന ഗസ്സന്‍ ജനതയുടെ കണ്ണീരും നമ്മള്‍ പലവിധ വിഡിയോകളില്‍ കണ്ടിട്ടുള്ളതുമാണ്.
ഗസ്സയില്‍പ്പോയി പണമുണ്ടാക്കാനുള്ള ആലോചനകളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകളുമാണ് ഇസ്രായേലി ഹെവി-എക്വിപ്മെന്റ് ഓപ്പറേറ്റര്‍മാരുടെ ഈയടുത്ത കാലത്തെ പ്രധാന ചര്‍ച്ചാവിഷയം. ഗസ്സയിലെ ജോലിയ്ക്ക് പ്രത്യേക നിയമങ്ങളൊന്നുമില്ല. കുറച്ച് സമയത്തിനുള്ളില്‍ പരമാവധി കെട്ടിടങ്ങള്‍ പൊളിച്ചടുക്കുക എന്നത് മാത്രമാണ് ഇസ്രയേലി സൈന്യം ഈ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്ന ഒരേയൊരു നിര്‍ദേശം. ഗസ്സയില്‍ എത്തുന്നവര്‍ക്ക് കമ്പനി ഫോണ്‍, താമസിക്കാന്‍ നല്ല അപ്പാര്‍ട്ട്മെന്റ് മുതലായവയും ലഭിക്കും. പൊളിക്കുന്ന ഓരോ വീടിനുമാണ് പൈസ ലഭിക്കുന്നത്. നന്നായി അധ്വാനിച്ച് പൊളിച്ചാല്‍ പ്രതിമാസം 30,000 ഷെക്കല്‍ അതായത് ഏകദേശം 7,71000 രൂപ വാരാമെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. മൂന്ന് നിലകളുള്ള ഒരു അപ്പാര്‍ട്ട്മെന്റ് പൊളിക്കുന്നതിന് 2500 ഷെക്കല്‍ വരെ നേടുന്നവരുണ്ട്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണിവരെയേ പണി കാണൂ. ഭക്ഷണവും താമസവും തികച്ചും സൗജന്യവുമായിരിക്കും.
യുദ്ധഭൂമിയാണെന്നത് മാത്രമല്ല ഈ ജോലിയിലെ റിസ്‌ക്. വന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുക എന്നത് ചില്ലറ കാര്യമല്ല. ചിലപ്പോള്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കേണ്ടതായും വരും. ആര്‍മിയുടെ ഹെവി വാഹനങ്ങളുടേത് പോലുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും വാടകയ്ക്കെടുത്ത ഇത്തരം ഹെവി എക്വിപ്മെന്റുകള്‍ക്കുണ്ടാകില്ല. സുരക്ഷാ കവചങ്ങളോ ആര്‍മിയുടെ പൂര്‍ണമായ സംരക്ഷണമോ പോലുമില്ലാതെയാണ് ഇവര്‍ പൊളിക്കല്‍ ജോലികള്‍ ചെയ്യേണ്ടത്. ഇസ്രയേലില്‍ തങ്ങള്‍ കണ്ടുപരിചയിച്ച തൊഴില്‍ അന്തരീക്ഷമോ രീതികളോ ഒന്നും അല്ല ഗസ്സയിലേതെന്നും അവിടെ മറ്റൊരു ലോകം തന്നെയാണെന്നും ഓപ്പറേറ്റര്‍മാര്‍ ഹാരെറ്റ്സിനോട് പറഞ്ഞു.
Story Highlights : Israelis Profiting From Razing Buildings in Gaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here