‘റിയാസിനെ സിപിഐഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയെന്നത് കള്ളം’; പി കെ ഫിറോസിനെതിരെ സിപിഐഎം

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കുന്ദമംഗലം ഏരിയ സെക്രട്ടറി പി ഷൈപു. സഹോദരന്‍ പി കെ ബുജൈര്‍ അറസ്റ്റില്‍ ആയതുമായി ബന്ധപ്പെട്ട് പികെ ഫിറോസ് ഉയര്‍ത്തുന്ന വാദങ്ങള്‍ ശുദ്ധ അസംബന്ധമെന്നാണ് വിമര്‍ശനം. കേസിലെ കൂട്ടുപ്രതിയായ റിയാസിനെ രക്ഷിക്കാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ല. റിയാസിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോയത് സിപിഐഎം നേതാക്കള്‍ എന്ന് ഫിറോസ് കള്ളം പ്രചരിപ്പിക്കുന്നുവെന്നും റിയാസിന് സിപിഐഎമ്മുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും സിപിഐഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. (cpim against pk firos)
ലഹരി മാഫിയയുമായി ഫിറോസിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചത് അനുസരിച്ചാണ് പൊലീസ് പരിശോധന നടത്തിയതെന്ന് പ്രസ്താവനയില്‍ സിപിഐഎം വിശദീകരിക്കുന്നു. റിയാസില്‍ നിന്നും ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അയാളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി. പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈറിന്റെ വാഹനം പരിശോധിക്കുമ്പോള്‍ അതില്‍ നിന്ന് ലഹരി ഉപയോഗിക്കുന്ന സാധനങ്ങളും ലഹരി പൊതിയുന്ന പേപ്പറുകളും കണ്ടെത്തി. വാഹന പരിശോധന നടത്താന്‍ വന്ന പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കാനാണ് പി കെ ബുജൈര്‍ ശ്രമിച്ചിട്ടുള്ളത്. പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു . പി കെ ഫിറോസ് പത്രസമ്മേളനം നടത്തി പറഞ്ഞത് സിപിഐ എം ഇടപെട്ട് ആരെയോ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ്. റിയാസ് എന്ന വ്യക്തിക്ക് സിപിഐ എമ്മുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് പ്രസ്താവനയിലുണ്ട്.
പൊലീസ് സ്റ്റേഷനില്‍ സിപിഐ എം അനധികൃതമായ ഇടപെടല്‍ നടത്തി വിട്ടയച്ചു എന്നാണ് ഫിറോസിന്റെ മറ്റൊരു ആരോപണം. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഇടപെട്ടത് പി കെ ഫിറോസിന്റെ അനിയനെ രക്ഷിക്കുന്നതിന് ഫിറോസിന്റെ നേതൃത്വത്തില്‍ അദ്ദേഹം ചുമതലപ്പെടുത്തിയ ചില ഏജന്റ്മാര്‍ പണച്ചാക്കുമായി കുന്നമംഗലം പോലീസിനെ സ്വാധീനിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. നേരത്തെ ചില കേസുകളില്‍ പി കെ ഫിറോസിന് ഇത്തരം ചില സഹായങ്ങള്‍ കുന്നമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്ന് മുമ്പ് ലഭിച്ചതിന്റെ അനുഭവത്തിലാവാം ഈ ഇടപെടല്‍ ഫിറോസ് നടത്തിയത്. എന്നാല്‍ കുന്നമംഗലം പൊലീസ് ഇത്തരത്തിലുള്ള ഒരു പ്രലോഭനങ്ങള്‍ക്കും വിധേയമാകാതെ ശക്തമായുള്ള നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ തിരിച്ചു പോരുകയാണ് ഉണ്ടായതെന്നും പി ഷൈപു കൂട്ടിച്ചേര്‍ത്തു.
Story Highlights : cpim against pk firos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here