ദർശനത്തിനു വരുന്ന യുവതികളെ ഇനി ഭക്തർ നോക്കിക്കോളുമെന്ന് കെ മുരളീധരൻ

ശബരിമലയിലേക്ക് ദർശനത്തിനു വരുന്ന യുവതികളെ ഇനി ഭക്തർ നോക്കിക്കോളുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. വൈകിയാണെങ്കിലും യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയത് മാറ്റിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ശബരിമല യുവതീ പ്രവേശനം അടക്കമുള്ള കാര്യങ്ങൾ പുതിയ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പഴയ വിധിയിൽ കോടതി തൃപ്തരല്ല എന്നു വേണം കരുതാൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സ്വാഗതാർഹമാണ്. വൈകിയാണെങ്കിലും സർക്കാർ നിലപാട് മാറ്റിയത് നന്നായി. ഭക്തരുടെ വികാരം സർക്കാർ മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. അത് സ്വാഗതാർഹമാണ്.”- മുരളീധരൻ അഭിപ്രായപ്പെട്ടു.
അതേ സമയം, ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ തടയാൻ പമ്പയിൽ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. യുവതികൾ മല കയറാൻ വന്നാൽ വേണ്ട നടപടികൾ സ്വീകരിക്കും. ശബരിമലയിൽ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദർശനത്തിന് യുവതികളെ അനുവദിക്കേണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിനു പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രസ്താവന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here