“അടിക്കല്ല മെസിയേ, നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരില്ല മെസിയേ”; സൂപ്പർ ക്ലാസിക്കോയിൽ മലയാളി ആരവം: വീഡിയോ

എവിടെപ്പോയാലും മലയാളിയെക്കാണാമെന്ന് പറയുന്നത് അതിശയോക്തിയല്ല. ലോകത്തിൻ്റെ മുക്കിലും മൂലയിലും മലയാളി തങ്ങളുടെ കാല്പാദം പതിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ-അർജൻ്റീന സൂപ്പർ ക്ലാസിക്കോയിലും ഗ്യാലറി സമ്പന്നമാക്കി മലയാളി കളിക്കമ്പക്കാർ ഇടം പിടിച്ചിരുന്നു. കളിക്കിടെ ആർത്തു വിളിക്കുന്ന മലയാളി കളിയാരാധകരുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
14ആം മിനിട്ടിൽ ലഭിച്ച പെനൽറ്റി എടുക്കാൻ സൂപ്പർ താരം ലയണൽ മെസി നിൽക്കുമ്പോഴായിരുന്നു മലയാളികളുടെ ആരവം. “അടിക്കല്ല മെസിയേ, നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരില്ല മെസിയേ” എന്ന് തുടങ്ങി ലിയോയോട് പെനൽറ്റി ഗോളാക്കരുതേ എന്ന് അലമുറയിടുന്ന ആരാധകരുടെ ശബ്ദമാണ് വീഡിയോയിൽ കേൾക്കുന്നത്. ഒടുവിൽ പെനൽറ്റി അലിസൺ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വലയിലേക്ക് തട്ടിയിട്ട് മെസി സ്കോർ ചെയ്തപ്പോൾ ആർപ്പു വിളിക്കുന്നതും വീഡിയോയിൽ കാണാം.
എതിരില്ലാത്ത ഒരു ഗോളിനാണ് അർജൻ്റീന ബ്രസീലിനെ തോല്പിച്ചത്. മത്സരത്തിൻ്റെ 14ആം മിനിട്ടിൽ സൂപ്പർ താരം ലയണൽ മെസിയാണ് അർജൻ്റീനക്കായി ഗോൾ നേടിയത്. പന്ത് കൈവശം വെക്കുന്നതിൽ മുന്നിൽ നിന്നിട്ടും ഫിനിഷിംഗിലെ പോരായ്മകൾ ബ്രസീലിനു തിരിച്ചടിയാവുകയായിരുന്നു.
മെസി എന്ന ഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങൾ എന്നതിനപ്പുറം ഒരു ടീം എന്ന നിലയിൽ അവരവരുടെ ജോലികൾ കൃത്യമായി ചെയ്തു എന്നതാണ് അർജൻ്റീനയുടെ വിജയം. സ്ട്രൈക്കർമാരായ പൗളോ ഡിബാലയും സെർജിയോ അഗ്യൂറോയും ബെഞ്ച് വാമിംഗ് നടത്തിയിട്ടും അർജൻ്റീന ആക്രമണത്തിനു മൂർച്ച കുറഞ്ഞില്ല എന്നത് ഒത്തിണക്കമുള്ള ടീം എന്നതിനുള്ള അടയാളമാണ്. ലയണൽ സ്കലോണി നൽകിയ ഗൃഹപാഠം കളിക്കളത്തിൽ കൃത്യമായി നടപ്പിലാക്കിയ അർജൻ്റീന കുട്ടികൾ പ്രതാപകാലത്തിൻ്റെ മടങ്ങി വരവു കൂടിയാണ് സൗദിയിൽ അടയാളപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here