ഡേനൈറ്റ് ടെസ്റ്റ് ഹൗസ് ഫുൾ; ടിക്കറ്റുകൾ എല്ലാം വിറ്റു തീർന്നെന്ന് ബിസിസിഐ

ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റു തീർന്നെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഈഡൻ ഗാർഡൻസിൽ നടക്കുന്ന ചരിത്ര മത്സരത്തിൽ ഇനി ബാക്കിയുള്ളത് കോംപ്ലിമെൻ്ററി ടിക്കറ്റുകൾ മാത്രമാണെന്നും അത് വേഗം വിറ്റു തീരുമെന്നും അദ്ദേഹം അറിയിച്ചു.

വരുന്ന 22നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേനൈറ്റ് ക്രിക്കറ്റ് ടെസ്റ്റ്. ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബെംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര മന്ത്രി അമിത് ഷാ തുടങ്ങിയവർ മത്സരം കാണാനെത്തുമെന്നാണ് വിവരം.

ആദ്യ ടെസ്റ്റിൽ ഇന്ത്യ മൂന്നു ദിവസം കൊണ്ട് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 150 റൺസിനു പുറത്തായ ബംഗ്ലാദേശിനു മറുപടിയായി ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റിന് 493 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 213 റൺസിനു പുറത്തായി.

ടെസ്റ്റ് കരിയറിലെ രണ്ടാം ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് മത്സരത്തിൻ്റെ ഗതി തീരുമാനിച്ചത്. രണ്ട് ഇന്നിംഗ്സുകളിലായി മുഹമ്മദ് ഷമി ഏഴ് വിക്കറ്റുകൾ വീഴ്ത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More