മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ എന്‍സിപി – ശിവസേന – കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചരമദിനമായ ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ശിവസേനയുടെ ലക്ഷമിട്ടിരുന്നത്. എന്നാല്‍ സഖ്യത്തില്‍ അവ്യക്തത തുടരുകയാണ്.
എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ശരത് പവാര്‍ – സോണിയ ഗാന്ധി കൂടിക്കാഴ്ച ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ത്ഥ്യമാകണമെന്നാണ് എന്‍സിപി നേതാക്കളുടെ ആവശ്യം. അതേ സമയം സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാട് കൂടി വ്യക്തമായ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഇന്നലെ ചേര്‍ന്ന കോണ്ഗ്രസ് നേതൃയോഗം സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്തിരുന്നു.
നാളെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ ശിവസേനയുടെ എംപിമാരായ സഞ്ജയ് റാവത്ത്, അനില്‍ ദേശയി എന്നിവരുടെ രാജ്യസഭയിലെ സീറ്റുകള്‍ എന്‍ഡിഎ പക്ഷത്തുനിന്ന് പ്രതിപക്ഷ നിരയിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here