സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ഒരു റൺ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് നാലാം ജയം. ഗ്രൂപ്പ് ബിയിൽ നടന്ന അവസാന മത്സരത്തിൽ ഒരു റണ്ണിനാണ് കേരളം യുപിയെ തോല്പിച്ചത്. മഴ നിയമം അനുസരിച്ചാണ് കേരളം വിജയിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും കേരളത്തിന് സൂപ്പർ ലീഗിലേക്ക് പ്രവേശനം നേടാനായില്ല. ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമേ സൂപ്പർ ലീഗിലേക്ക് പ്രവേശനം ലഭിക്കൂ.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 119 റൺസ് മാത്രമേ നേടാനായുള്ളൂ. 28 പന്തുകളിൽ 38 റൺസെടുത്ത സഞ്ജു സാംസണാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. അക്ഷയ് ചന്ദ്രൻ (18), എസ് മിധുൻ(17), ജലജ് സക്സേന (14*) വിഷ്ണു വിനോദ് (13) എന്നിവരാണ് ഇരട്ടയക്കം കുറിച്ച മറ്റു താരങ്ങൾ. സച്ചിൻ ബേബി ഒരു റൺസെടുത്തും റോബിൻ ഉത്തപ്പ രണ്ട് റൺസെടുത്തും പുറത്തായി. ടോപ്പ് ഓർഡറും മിഡിൽ ഓർഡറും ഒരുപോലെ പരാജയപ്പെട്ടപ്പോൾ വാലറ്റത്തിൻ്റെ പോരാട്ടമാണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് കരകയറ്റിയത്.
മറുപടി ബാറ്റിംഗിൽ ഉത്തർപ്രദേശിനും ബാറ്റിംഗ് തകർച്ച നേരിട്ടു. സമർത്ഥ് സിംഗ് (4), ഉപേന്ദ്ര യാദവ് (0), റിങ്കു സിംഗ് (5), ശുഭം ചോബേ (0) എന്നിവർ വേഗം പുറത്തായി. 30 റൺസെടുത്ത അക്ഷദീപ് നാഥ് പുറത്താവാതെ നിന്നെങ്കിലും ഏഴ് ഓവർ അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ യുപി 42 റൺസ് എടുത്തു നിൽക്കെ മഴ പെയ്തതിനെത്തുടർന്ന് കേരളം വിജയിക്കുകയായിരുന്നു.
ആറു മത്സരങ്ങളിൽ നാലു ജയമടക്കം 16 പോയിൻ്റുമായാണ് കേരളം ടൂർണമെൻ്റ് യാത്ര അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here