ജെഎൻയുവിന്റെ പുറത്ത് നിരോധനാജ്ഞ

ജവഹർലാൽ നെഹ്രു സർവകലാശാലയ്ക്ക് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജെഎൻയു പ്രധാന കവാടത്തിന് പുറത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കുകയാണ്. ശീതകാല സമ്മേളനം നടക്കുന്ന പാർലമെന്റിലെത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം. തികച്ചും സമാധാന പരമായാണ് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്.
അതേസമയം, ജെഎൻയു വിഷയം പഠിക്കാൻ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചത്. വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഫീസ് വർധനവ് പൂർണ്ണമായും പിൻവലിക്കാത്ത സാഹചര്യത്തിലാണ് പാർലമെന്റിലേക്ക് ലോംഗ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പസ് മുതൽ പാർലമെന്റ് വരെയുള്ള 15 കി.മി ദൂരം കാൽനടയായി സഞ്ചരിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാനാണ് മാർച്ചെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
ഇന്നലെ സർവകലാശാലയില ക്ലാസുകൾ ആരംഭിക്കാൻ സഹകരിക്കണമെന്ന് സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഹോസ്റ്റൽ ഫീസ് വർധനവ് പൂർണ്ണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here