സമയമില്ലാത്ത എംഎൽഎമാരെന്തിനാ പ്രസിഡന്റാവാൻ കൂടി നിൽക്കുന്നത്? അവർക്ക് മണ്ഡലം നോക്കിയാൽ പോരേ?; ശബരിനാഥനും ഷാഫി പറമ്പിലിനുമെതിരെ യൂത്ത് കോൺഗ്രസ് നേതാവ്

യൂത്ത് കോൺഗ്രസ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ഹക്കീം പഴഞ്ഞിയുടെ കുറിപ്പ് യൂത്ത് കോൺഗ്രസിൽ വിവാദത്തിന് തിരി കൊളുത്തുന്നു. നിലവിൽ എംഎൽഎമാരായ ഷാഫി പറമ്പിലും ശബരിനാഥനും സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെയാണ് പോസ്റ്റ്.
സമയമില്ലാത്ത എംഎൽഎമാരെന്തിനാ യൂത്ത് കോൺഗ്രസ് പ്രസിഡന്റാവാൻ കൂടി നിൽക്കുന്നത്? അവർക്ക് മണ്ഡലം നോക്കിയാൽ പോരേ? എന്നീ സംശയങ്ങളുന്നയിച്ചുകൊണ്ടാണ് പോസ്റ്റ്. താൻ കുറേ പ്രാവശ്യം ഇക്കാര്യമുന്നയിച്ച് ഫോൺ വിളിച്ചപ്പോൾ രണ്ട് പേരും ഫോണെടുത്തില്ലെന്നും ഹക്കീം പഴഞ്ഞി ആരോപിക്കുന്നു.
ഗ്രൂപ്പ് നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളായ ഷാഫി പറമ്പിലും ശബരിനാഥനും എംഎൽഎമാർ എന്ന നിലയിൽ മികച്ച വരാണെന്നും സംഘടനയെ നയിക്കാൻ തിരക്ക് കാരണം ഇവർ യോഗ്യരല്ല എന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ഷാഫി പറമ്പിൽ നല്ല കെഎസ്‌യു പ്രസിഡന്റായിരുന്നു.പക്ഷെ പാലക്കാട് പാർലമെന്റ് പ്രസിഡന്റ് സ്ഥാനം തിരക്ക് കാരണം രാജി വെച്ച അദ്ദേഹം സംസ്ഥാന പ്രസിഡന്റ് ് സ്ഥാനത്തേക്ക് കുപ്പായം തയ്ക്കുന്നത് ശരിയാണോ എന്നും ഹക്കീം പഴഞ്ഞി.
കുറിപ്പ് വായിക്കാം,
കേരളത്തിലെ രണ്ടു ഗ്രൂപ്പുകാർ എം.എൽ.എമാരെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റുമാരായി നിർദ്ദേശിക്കുന്നു എന്ന് വാർത്ത കണ്ടതുമുതൽ ഞാനൊരു കാര്യം തീരുമാനിച്ചിരുന്നു. അവർക്ക് അതിനുള്ള സമയം ഉണ്ടോ എന്നറിയലായിരുന്നു ലക്ഷ്യം. അതിന് വേണ്ടി അവരെ ഒന്ന് ഫോൺ ചെയ്യാൻ തീരുമാനിച്ചു. മൂന്ന് ദിവസമായി ഈ പ്രയത്‌നത്തിലായിരുന്നു.
പ്രവർത്തിക്കുന്ന ഒരു എം.എൽ.എയ്ക്ക് 24 മണിയ്ക്കൂർ തന്നെ പോരാതെ വരും. ഷാഫി സംഘാടനത്തിൽ മികവു പുലർത്തിയ ആളാണ്. ശബരി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിലും മികവ് പുലർത്തിയ ആളാണ്. അതിൽ തർക്കമില്ല.
പക്ഷെ ഒരു യൂത്ത് കോൺഗ്രസുകാരൻ മൂന്ന് ദിവസമായി നിരന്തരം വിളിച്ചിട്ടും ഫോൺ എടുക്കാൻ പോലും സമയമില്ലാത്ത ഇവരുടെ കയ്യിൽ യൂത്ത് കോൺഗ്രസ് ഏൽപിച്ച് കൊടുക്കാൻ ഗ്രൂപ്പ് മുതലാളിമാർ തീരുമാനിച്ചാൽ യൂത്ത് കോൺഗ്രസ് ചത്ത് തന്നെ കിടക്കും. സ്വന്തം മണ്ഡലവും കളഞ്ഞ് കുളിക്കും.
ഷാഫിയ്ക്ക് 9 പ്രാവശ്യവും, ശബരിയ്ക്ക് അഞ്ച് പ്രാവശ്യവും വിളിച്ചു. ഇതിൽ ശബരിയെ മൂന്നാമത് വിളിച്ചപ്പോൾ ഒരാൾ ഫോൺ എടുത്ത് എന്നോട് പറഞ്ഞത് അദ്ദേഹം മീറ്റിങ്ങിലാണ് എന്നൊരു മറുപടി കിട്ടി. പിന്നീട് രണ്ടു പ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ല. ഷാഫിയെ ഒമ്പത് പ്രാവശ്യവും കിട്ടിയില്ല. സ്‌ക്രീൻ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്.
ഒരു അർജന്റ് കാര്യത്തിനായ് യൂത്ത് കോൺഗ്രസ് മണ്ഡലം/ ബ്‌ളോക്ക് പ്രസിഡന്റ് വിളിച്ചാലും ഇത് തന്നെയാവും അവസ്ഥ.
അതുകൊണ്ട് യൂത്ത് കോൺഗ്രസിനെ നയിക്കാനായ് സമയവും, പ്രാപ്തിയുമുള്ള റിയാസ് മുക്കോളിയെ പോലെ, റിജിൽ മാക്കുറ്റിയെ പോലെ, ജഷീർ പള്ളിവയലിനെ പോലുള്ള ഒരുപാട് പേർ ഈ പാർടിയിലുണ്ട്. അവർ കടന്ന് വരട്ടെ. അവർക്കും അവസരങ്ങൾ ലഭിക്കട്ടെ. പ്രസ്ഥാനം ശക്തി പ്രാപിക്കട്ടെ.
എഴുപതും എൺപതും പിന്നിട്ടവർ വാഴുന്ന കോൺഗ്രസിൽ വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ യുവാക്കൾക്ക് കേരളത്തിൽ രക്ഷയുള്ളൂ എന്ന ഷാഫി പണ്ട് പറഞ്ഞതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോ എന്നും പല പ്രവർത്തകരും സംശയപ്പെടുന്നുണ്ട്.
അച്ഛൻ പണിത സിംഹാസനത്തിൽ കയറി ഇരുന്ന് അച്ഛനെ വളർത്തിയ പ്രസ്ഥാനത്തെ നോക്കി കൊഞ്ഞനം കുത്തുന്ന നിലപാടാകും വൈസ് പ്രസിഡന്റ് ആകുന്നതിലൂടെ ശബരിനാഥൻ ചെയ്യുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. സമരമുഖത്ത് അടികൊണ്ട് വീണ ഒരുപാട് നേതാക്കൻമാർ സംഘടനയിലുണ്ട്. എന്നാൽ ശബരിനാഥൻ അടി കൊള്ളുന്നത് ലൈവായിട്ടെങ്കിലും കണ്ടിട്ടുണ്ടോയെന്നും സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ ചോദിക്കുന്നു. എംപിയുമല്ലാത്ത ആരെങ്കിലും സംഘടനയുടെ തലപ്പത്ത് വരട്ടെയെന്നും ചിലർ കമന്റിട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here