നെടുമ്പാശേരിയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ

നെടുമ്പാശേരി അത്താണിയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ. ‘അത്താണി ബോയ്‌സ്’ എന്ന ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അതേസമയം, കേസിലെ മുഖ്യപ്രതിയടക്കം കൊലപാതകത്തിൽ പങ്കുള്ള ചിലർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് കാറിൽ എത്തിയ മൂന്നംഗ സംഘം റോഡിൽ നിൽക്കുകയായിരുന്ന ബിനോയിയെ വളഞ്ഞിട്ടു വെട്ടിയത്. ആദ്യം വെട്ടിയ ആളെ ബിനോയ് തള്ളിതാഴെയിട്ടു. എന്നാൽ, പിന്നാലെ മറ്റു രണ്ടുപേരെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബിനോയിയെ തുരുതുരെ വെട്ടി മുഖം വികൃതമാക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ റൂറൽ എസ്പിയുടെ നിർദേശപ്രകാരം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേർ പിടിയിലായത്. പിടിയിലായവരിൽ ഒരാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
എന്നാൽ, കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ ബാക്കി നാലുപേരുടെയും പങ്കിനെക്കുറിച്ച് വ്യക്തതയുണ്ടാകൂ. കൊല്ലപ്പെട്ട തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയ് ഏറെക്കാലം ‘അത്താണി ബോയ്‌സ്’ എന്ന ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു. ഇയാളോടുള്ള കുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. അത്താണി ബോയ്‌സിലെ തന്നെ ബിനു, ലാൽ കിച്ചു, ഗ്രിൻഡേഷ് എന്നിവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനുവിന് ഗുണ്ടാ നിയമപ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഒരാഴ്ച മുൻപ് ജില്ലയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബിനു എത്തിയതറിഞ്ഞ് പൊലീസ് വളഞ്ഞെങ്കിലും ഇയാൾ രക്ഷപെട്ടു. ഇതിന് പിന്നാലെയാണ് അത്താണിയിലെത്തി കൊല നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here