സ്വാമിമാര്‍ക്കായി പത്തനാപുരം പഞ്ചായത്ത് ഇടത്താവളം ഒരുക്കിയത് മീന്‍ ചന്തയില്‍

ശബരിമലയിലേക്ക് പോകുന്ന സ്വാമിമാര്‍ക്കായി പത്തനാപുരം പഞ്ചായത്ത് ഇടത്താവളം ഒരുക്കിയത് മീന്‍ ചന്തയില്‍. കല്ലുംകടവിലുളള സംസ്‌കാരിക നിലയത്തിലാണ് വിവാദ ഇടത്താവളം. മത്സ്യം ലേലം വിളിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്ന സ്ഥലമാണിത്. ദിവസവും വൈകിട്ട് നാല് മണിമുതല്‍ തമിഴ്‌നാട് അടക്കമുളള സ്ഥലങ്ങളില്‍ നിന്ന് മത്സ്യം എത്തി തുടങ്ങും. തുടര്‍ന്ന് രാത്രിയില്‍ ആരംഭിക്കുന്ന ലേലം വിളി പിറ്റേന്ന് പുലര്‍ച്ചെ വരെ നീളും.
മീന്‍ പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നതിനാല്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും കഴിയുന്നില്ല എന്നും പരാതിയുണ്ട്. മലിനമായ സ്ഥലമായതിനാല്‍ സ്വാമിമാര്‍ക്ക് ആഹാരം പാകം ചെയ്യാനും കഴിയുന്നില്ല. കൂടാതെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. സ്വാമിമാരോടുള്ള അനാദരവാണ് മീന്‍ ചന്തയില്‍ ഇടത്താവളമൊരുക്കിയ നടപടിയെന്ന് ഇതിനോടകം ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മണ്ഡലകാലം ആരംഭിച്ചാല്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പത്തനാപുരം വഴി ശബരിമലയ്ക്ക് പോകുന്നത്.
കാല്‍നടയായി പോകുന്ന തീര്‍ത്ഥാടകര്‍ പത്തനാപുരത്ത് എത്തുമ്പോള്‍ വിശ്രമിച്ച് ആഹാരം പാകം ചെയ്ത് കഴിച്ചാണ് മുന്‍ വര്‍ഷങ്ങളില്‍ ശബരിമലയ്ക്ക് പോയിരുന്നത്. അടുത്തിടെയാണ് മീന്‍ ലേലം കല്ലുംകടവിലേക്ക് മാറ്റിയത്. സ്വാമിമാരോടുളള പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here