‘പണം എടുത്തോളൂ, രേഖകൾ തിരിച്ചു നൽകൂ’; ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായെന്ന് നടൻ സന്തോഷ് കീഴാറ്റൂർ

ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായതായി നടൻ സന്തോഷ് കീഴാറ്റൂർ. എറണാകുളത്ത് നിന്നും കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 75000 രൂപ, പാസ്‌പോർട്ട്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡ്, എഎംഎംഎ, ഫെഫ്ക മെമ്പർഷിപ്പ് കാർഡുകൾ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. ഫേസ്ബുക്കിൽ ലൈവിലൂടെ സന്തോഷ് തന്നെയാണ് ബാഗ് മോഷണം പോയ കാര്യം അറിയിച്ചത്.

ബാത്ത് റൂമിൽ പോയി തിരിച്ചു വരുമ്പോൾ സീറ്റിൽ വച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടിരുന്നതായി സന്തോഷ് പറയുന്നു. ബർമുഡയിട്ടയാൾ ബാഗ് കൊണ്ടുപോകുന്നത് കണ്ടതായി സമീപത്തെ സീറ്റിലുണ്ടായിരുന്നയാൾ പറഞ്ഞതായി സന്തോഷ് വ്യക്തമാക്കി. കോഴിക്കോട് ഷൂട്ട് ഉള്ളതിനാൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായി. ബാഗ് കൈവശപ്പെടുത്തിയ ആൾ പണം എടുത്തോട്ടെയെന്നും രേഖകൾ തിരിച്ചു നൽകാൻ തയ്യാറാകണമെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

കോഴിക്കോട് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പുറപ്പെട്ടതായിരുന്നു സന്തോഷ് കീഴാറ്റൂർ. കോഴിക്കോട് എത്തിയ ശേഷം റെയിൽവേ പൊലീസിൽ അദ്ദേഹം പരാതി നൽകി. സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More