വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥന്റെ ചീത്തവിളി; മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ച് പ്രതിഷേധിച്ച് ജീവനക്കാരൻ; വീഡിയോ

വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥൻ മോശമായി പെരുമാറിയതിൽ പ്രതിഷേധവുമായി ഡ്രൈവർ ജീവനക്കാരൻ. മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ചാണ് ജഗതീഷ് എന്നയാൾ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മേലുദ്യോഗസ്ഥരുടെ വാഹനമാണ് ജഗതീഷ് ഓടിക്കുന്നത്. കഴിഞ്ഞ ദിവസം ഓഫീസിൽവച്ച് ബോർഡ് മീറ്റിംഗ് നടന്നിരുന്നുവെന്ന് ജഗതീഷ് പറയുന്നു. 2.30 ആയപ്പോഴാണ് മീറ്റിംഗ് കഴിഞ്ഞത്. കാസർഗോഡ് മുൻ എംഎൽഎയും ബോർഡ് മെമ്പറുമായ കുഞ്ഞിരാമൻ സാർ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. കാറിൽ തൃശൂരിൽ കൊണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. വിഐപി ക്യാബിനിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ കാറിൽ തൃശൂരിലാക്കുകയും ചെയ്തുവെന്ന് ജഗതീഷ് പറയുന്നു.
ഇതിന് പിന്നാലെ 4.30 ഓടെ ജനറൽ മാനേജർ വിളിപ്പിച്ചു. ആരോട് ചോദിച്ചിട്ടാണ് വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതെന്ന് ചോദിച്ചു. ജഗതീഷ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ജനറൽ മാനേജർ പറഞ്ഞു. ഒരു നേരത്തേ ഭക്ഷണം കഴിച്ചതിനാണ് ചീത്ത വിളിച്ചത്. മാനസികമായി ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും ജഗതീഷ് വീഡിയോയിൽ പറയുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here