സ്‌കൂള്‍ കലോത്സവം: കാഞ്ഞങ്ങാട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ കാഞ്ഞങ്ങാട്ട് പുരോഗമിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവത്തിന്റെ പ്രധാന വേദി തയാറാകുന്നത്. കഴിഞ്ഞ 25 വര്‍ഷമായി കലാമാമാങ്കത്തിന് പന്തലൊരുക്കുന്ന ചെറുതുരുത്തിയിലെ ഉമ്മര്‍ തന്നെയാണ് കാഞ്ഞങ്ങാടും വേദികളൊരുക്കുന്നത്.
നാല്‍പ്പത്തയ്യായിരം ചതുരശ്രയടിയില്‍ ഐങ്ങോത്ത് മൈതാനത്ത് ഒരുങ്ങുന്ന പ്രധാന വേദിയുള്‍പ്പെടെ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കാഞ്ഞങ്ങാട് കലോത്സവത്തിനായി വേദികള്‍ തയാറാകുന്നത്. വേദികളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. പ്രധാന വേദിക്കുമുണ്ട് ഇത്തവണ കാര്യമായ മാറ്റങ്ങള്‍.
1991 ല്‍ ആദ്യമായി കലാമാമാങ്കത്തിന് കാസര്‍ഗോഡ് വേദിയായപ്പോള്‍ അഞ്ചുവേദികളിലായിരുന്നു മത്സരം.28 വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പത് വേദികളാണ് കലോത്സവത്തിനായി തയാറാകുന്നത്. മിക്കവേദികളുടെയും പണി അന്തിമഘട്ടത്തിലാണ്. 25 ന് മുഴുവന്‍ വേദികളും സംഘാടകര്‍ക്ക് കൈമാറും. 1991 ല്‍ 3000 മത്സരാര്‍ത്ഥികള്‍ മാത്രമായിരുന്നു കലോത്സവത്തിനായി എത്തിയിരുന്നതെങ്കില്‍ 240 ല്‍ പരം ഇനങ്ങളിലായി പതിമൂവായിരത്തിലധികം കുട്ടികളാണ് ഇത്തവണ കാഞ്ഞങ്ങാട് മാറ്റുരയ്ക്കാനെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here