‘രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല’; പൊലീസിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രൻ

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രത്തിൽ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടർച്ചയാണ് കേരളത്തിലും നടക്കുന്നതെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകൾ കൊണ്ടല്ലെന്നും കാനം പറഞ്ഞു. കോടതികൾ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിനു പകരം ഫാസിസ്റ്റ് ശ്രമങ്ങൾക്കു പിന്തുണ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇടതുമുന്നണിയുടെ നിലപാടുകൾക്കപ്പുറം പൊലീസ് നടപടികളെയെല്ലാം പിന്തുണക്കാൻ സിപിഐക്ക് ബാധ്യതയില്ല. പൊലീസുകാർക്ക് അവരുടേതായ ലക്ഷ്യമുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകൾ കൊണ്ടല്ല. അങ്ങനെയെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ ഉണ്ടാവുമായിരുന്നില്ല. മാവോവദികളെ കൊല്ലുന്നതിനു പകരം അവരെ ജനാധിപത്യ ക്രമത്തിലേക്കു കൊണ്ടുവരികയാണ് വേണ്ടത്”- കാനം പറഞ്ഞു.
ലൈബ്രറികളിൽ പുസ്തകം സൂക്ഷിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെയാണ്. അവിടെ മഹാഭാരതവും രാമായണവും മാത്രം സൂക്ഷിച്ചാൽ മതിയാവില്ല. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല. യുഎപിഎ ചുമത്തപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഇടതുപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ നടപ്പിലാക്കാൻ പാടില്ലെന്നും കാനം പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിൽ കൂട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും സിപിഐക്ക് ഇന്റലിജൻസ് റിപ്പോർട്ടൊന്നും കിട്ടാറില്ല എന്നും കാനം കൂട്ടിച്ചേർത്തു. പി മോഹനന് അങ്ങനെ റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ എന്ന കാര്യം അദ്ദേഹം പറയണമെന്നും കാനം പരിഹസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here