ജെഎൻയു സമരം; ഉന്നതാധികാര സമിതിയും വിദ്യാർത്ഥി യൂണിയനുമായുള്ള ചർച്ച ഇന്ന്

ജെഎൻയു സമരം ഒത്തുതീർപ്പാക്കാൻ ഉന്നതാധികാര സമിതി ഇന്ന് വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തും. വൈകിട്ട് ഹോസ്റ്റൽ പ്രതിനിധികളുമായും ചർച്ച നടത്തും. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
രാവിലെ പത്തരയ്ക്കാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി ജെഎൻയു വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തുക. വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷെ ഘോഷ്, ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് തുടങ്ങിയരും 41 കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് ഹോസ്റ്റൽ പ്രതിനിധികളുമായി സമിതി ചർച്ച നടത്തും. ഹോസ്റ്റൽ ഫീസ് വർധനവും ഹോസ്റ്റൽ മാനുവൽ പരിഷ്‌ക്കരണവും പിൻവലിക്കണമെന്ന് യോഗത്തിൽ വിദ്യാർത്ഥികൾ ആവശ്യപെടും.
അതേസമയം ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സാധാരണ നിലയിൽ എത്തിക്കാനാണ് സമിതിയുടെ ശ്രമം. മുൻ യുജിസി ചെയർമാൻ വിഎസ് ചൗഹാൻ ഉൾപെടെ 3 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. ഡൽഹി പൊലീസിനെതിരെയും വിദ്യാർത്ഥികൾക്കുമെതിരെ സർവകലാശാല അധികൃതർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഡിമിസ്‌ട്രേഷൻ ബ്ലോക്കിന്റെ 100 മീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങൾ വിലക്കിയ 2017 ലെ കോടതി ഉത്തരവ് വിദ്യാർത്ഥികൾ ലംഘിച്ചെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. ഉന്നതാധികാര സമിതി ഇടപെട്ട സാഹചര്യത്തിൽ സമരത്തിനുള്ള പിന്തുണ എബിവിപി പിൻവലിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here