2018 ല്‍ റോഡപകടത്തില്‍ പൊലിഞ്ഞത് ഒന്നരലക്ഷത്തോളം ജീവനുകള്‍

2018 ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ പൊലിഞ്ഞത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകള്‍. 2017 നേക്കാള്‍ 2.4 ശതമാനത്തിന്റെ വര്‍ധനവാണ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടും സംഭവിച്ചിരിക്കുന്നത്. ഒരുദിവസം ശരാശരി 1280 അപകടങ്ങളിലായി 415 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമാകുന്നത്.
ഓരോ മണിക്കൂറിലും 53 ഗുരുതരമായ അപകടങ്ങളെങ്കിലും നടക്കുന്നുണ്ടെന്ന് ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. റിപ്പോര്‍ട്ടനുസരിച്ച് 64.6 ശതമാനം ആളുകളും മരണപ്പെടാന്‍ കാരണം അമിതവേഗമാണ്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതാണ് 28.8 ശതമാനത്തിനും ജീവന്‍ നഷ്ടമാകാന്‍ കാരണം. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചവരില്‍ 16.14 ശതമാനം പേര്‍ക്കും ജീവന്‍ നഷ്ടമായി. തെറ്റായ ദിശയില്‍ വാഹനം ഓടിച്ചാണ് 5. 8 ശതമാനം പേര്‍ മരിച്ചത്.
Read More:കേരളത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വാഹനാപകടത്തില്‍ മരിച്ചത് 3375 പേര്‍; കാരണം അമിതവേഗം
ആകെ മരണങ്ങളില്‍ 2. 8 ശതമാനം പേര്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞവരാണ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുവഴിയായി ഉണ്ടായ അപകടത്തിലാണ് 2.4 ശതമാനം ആളുകള്‍ മരിച്ചത്. 2018 ല്‍ ജീവന്‍ നഷ്ടമായവരില്‍ 48 ശതമാനവും പതിനെട്ടിനും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്ത 6.6 ശതമാനം പേരും റോഡ് അപകടങ്ങളില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here