കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ്

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ നിർണായക വഴിത്തിരിവ്. വെടിവയ്പ്പ്
ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്.
അജാസിനെ പ്രതിചേർത്തുകൊണ്ടുള്ള കുറ്റപത്രം സമർപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ജോസി ചെറിയാൻ ട്വന്റിഫോറിനോട് പറഞ്ഞു. കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം, എന്നിവർ വിദേശത്തേക്ക് കടന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
രവി പൂജാരിയും ബ്യൂട്ടി പാർലർ ആക്രമിച്ചവരും തമ്മിലുള്ള കണ്ണി അജാസും കൂട്ടരുമാണ്. ഇവരുടെ നിർദേശ പ്രകാരമാണ് വെടിവയ്പ്പ് നടത്തിയത്. ലീനയെ കുറിച്ചുള്ള വിവരങ്ങൾ രവി പൂജാരിക്ക് കൊടുത്തത് അജാസാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ 2018 ഡിസംബർ 15ന് ബൈക്കിലെത്തിയ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിന് നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here